ന്യൂഡല്‍ഹി: പൊതുമേഖല ബാങ്ക് തൊഴിലാളികൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ പണിമുടക്ക് ജനജീവിതത്തെ ബാധിച്ചു. ഇന്ത്യ ബാങ്ക്സ് അസോസിയേഷന് പ്രഖ്യാപിച്ച രണ്ട് ശതമാനം വേതന വര്‍ധനവ് പുതുക്കണം എന്നാവശ്യപ്പെട്ടാണ് ജീവനക്കാരുടെ പണിമുടക്ക്. ഓഫീസര്‍മാരടക്കം പത്ത് ലക്ഷം ജീവനക്കാർ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ന് രാവിലെ ആറു മണിക്ക് തുടങ്ങിയ സമരം വെളളിയാഴ്ച ആറു വരെ നീണ്ട് നില്ക്കും.
പണിമുടക്ക് സാധാരണക്കാരുടെ ജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. പണിമുടക്കില്‍ എടിഎമ്മുകള്‍ നിശ്ചലമാകാന്‍ സാധ്യതയുണ്ട്. പണിമുടക്കിനെത്തുടര്‍ന്ന് രണ്ട് ദിവസത്തേക്ക് എടിഎമ്മുകളില്‍ പണം നിറയ്ക്കില്ല എന്ന് ബാങ്കുകള്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ രണ്ട് ദിവസത്തെ പണിമുടക്ക് കണക്കിലെടുത്ത് ഇന്നലെ എടിഎമ്മുകളില്‍ പണം നിറച്ചിരുന്നു.
രണ്ട് ദിവസത്തേക്ക് ബാങ്കിങ് മേഖല പൂർണമായി സ്തംഭിക്കും. എന്നാല്‍ ഡിജിറ്റല്‍ ബാങ്കിങ്ങിന് തടസ്സം നേരിടില്ല. സഹകരണ ബാങ്കുകളിലെയും, ഗ്രാമീണ്‍ ബാങ്കുകളിലെയും ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുക്കുന്നില്ല.
തിങ്കളാഴ്ച നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് ജീവനക്കാര്‍ പണിമുടക്കിന് ആഹ്വാനം ചെയ്തത്. ബാങ്ക് ജീവനക്കാരുടെ വേതന കാലാവധി 2017 നവംബര്‍ ഒന്നിന് അവസാനിച്ചിരുന്നു. മെയ് 5 ന് രണ്ട് ശതമാനം വര്‍ധനവ് നല്‍കാം എന്ന് ഇന്ത്യ ബാങ്ക്സ് അസോസിയേഷന്(ഐബിഎ) പറഞ്ഞിരുന്നെങ്കിലും സംഘടനകള്‍ ഇത് നിരസിക്കുകയായിരുന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകളെ പണിമുടക്ക് ബാധിക്കുമ്പോള്‍ ഐസിഐസിഐ, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, കൊടക് മഹീന്ദ്ര എന്നീ ബാങ്കുകളില്‍ പതിവ് പോലെ ഇടപാടുകള്‍ നടക്കും. എന്നാല്‍ ചെക്ക് ക്ലിയറന്‍സ് ഇടപാടുകളില്‍ താമസം നേരിടേണ്ടി വരും.