കരിംനഗർ: തെലങ്കാന എം.എൽ.എയെ സന്ദർശിക്കാൻ എത്തിയ യുവാക്കൾ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. തങ്ങളുടെ പരാതി കേൾക്കാൻ തയ്യാറാകാത്തതിനെത്തുടർന്നാണ് യുവാക്കൾ ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. തെലങ്കാന രാഷ്ട്ര സമിതി എം.എൽ.എ രസാമായി ബാലകൃഷ്ണയുടെ ഓഫീസിന് മുന്നിലായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

കരിംനഗർ സ്വദേശികളായ എം ശ്രീനിവാസ (25), വൈ പരശുരാമലു(23) എന്നിവരാണ് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സ്വന്തമായി ഭൂമിയില്ലാത്തവർക്ക് ഭൂമി ലഭിക്കുന്ന സർക്കാർ പദ്ധതി പ്രകാരം അപേക്ഷ നൽകാൻ ഓഫീസിൽ എത്തിയ യുവാക്കളോട് റവന്യു ഓഫീസിലെ ഉദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെട്ടു. ഇക്കാര്യത്തെക്കുറിച്ച് എം.എൽ.എയോട് പരാതി പറയാൻ എത്തിയതാണ് യുവാക്കൾ എത്തിയത്. ഒരു കൂട്ടം ഗ്രാമീണർക്കൊപ്പമാണ് ഇവർ എത്തിയത്. എന്നാൽ മണിക്കൂറുകളോളം കാത്തിരുന്നിട്ടും ഇവരെ കാണാൻ എം.എൽ.എ കൂട്ടാക്കിയില്ല. ഇതേത്തുടർന്ന് കൈയിൽ കരുതിയിരുന്ന മണ്ണെണ്ണ ദേഹത്തൊഴിച്ച് ഇരുവരും തീ കൊളുത്തുകയായിരുന്നു. സംഭവത്തെപ്പറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ