ജമ്മു: ജമ്മുവിലെ വ്യോമസേനാ താവളത്തിൽ ഇരട്ട സ്ഫോടനം. ഡ്രോണുകൾ ഉപയോഗിച്ചാണ് ആക്രണം നടത്തിയതെന്നാണ് കരുതുന്നു. ആദ്യ സ്ഫോടനം ഞായറാഴ്ച പുലർച്ചെ 1.37 നും രണ്ടാമത്തെ സ്ഫോടനം 1.42 നുമാണ് നടന്നത്. സ്ഫോടനത്തിൽ രണ്ടുപേർക്ക് നിസാര പരുക്കേറ്റിട്ടുണ്ട്.
സ്ഫോടനം നടന്നിടത്ത് ഉപകരണങ്ങള്‍ക്കൊന്നും കേടുപാടുകള്‍ സംഭവിച്ചിട്ടില്ല എന്ന് ഡിഫൻസ് പി.ആര്.ഒ. ലെഫ്. കേണല്‍ ദേവേന്ദര്‍ ആനന്ദ് അറിയിച്ചു. അന്വേഷണം ആരംഭിച്ചതായി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവത്തിൽ ജമ്മു കശ്മീര്‍ പൊലീസ് യു.എ.പി.എ പ്രകാരം എഫ്.ഐ.ആര് റജിസ്റ്റര്‍ ചെയ്തു. യു.എ.പി.എ 16, 18 വകുപ്പുകൾ പ്രകാരം ഗൂഢാലോചന, തീവ്രവാദ പ്രവര്‍ത്തനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
മറ്റൊരു കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് കശ്മീരില്‍ തുടരുന്ന എന്‍.ഐ.എയോട് ജമ്മുവിലെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഡല്‍ഹിയില്‍നിന്ന് എന്‍.എസ്.ജി ടീമും സംഭവ സ്ഥലത്തെത്തും.
സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്രപ്രതിരോധമന്ത്രി രാജ്നാഥ് സിങ്, എയർ മാർഷൽ എച്ച്.എസ് അറോറയുമായി സംസാരിച്ചു. എയര്‍ മാര്‍ഷല്‍ വിക്രം സിങ്ങും ജമ്മുവിലേക്ക് എത്തുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ജമ്മു കശ്മീരില്‍ അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Also Read: കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: അനില്‍ ദേശ്മുഖ് ഇഡിക്ക് മുന്‍പാകെ ഹാജരായില്ല