ഹൈദരാബാദ്: ആന്ധ്രപ്രദേശിൽ ചന്ദ്രബാബു നായിഡുവിന്റെ മന്ത്രിസഭയിൽനിന്ന് രണ്ടു ബിജെപി മന്ത്രിമാർ രാജിവച്ചു. കാമിനേനി ശ്രീനിവാസും പി.മാണിക്യല റാവുവുമാണ് മന്ത്രിസ്ഥാനം രാജിവച്ചത്. തെലുങ്കുദേശം പാർട്ടിയുടെ 2 മന്ത്രിമാരോട് കേന്ദ്രമന്ത്രിസഭയിൽ നിന്നും രാജിവച്ചൊഴിയാൻ പാർട്ടി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ആന്ധ്ര സർക്കാരിൽനിന്നും തങ്ങൾ മന്ത്രിസ്ഥാനം രാജിവച്ചതെന്ന് ബിജെപി മന്ത്രിമാർ വ്യക്തമാക്കി.

ആന്ധ്രപ്രദേശിൽ ടിഡിപി-ബിജെപി ഭിന്നത രൂക്ഷമാകുന്നതായാണ് റിപ്പോർട്ടുകൾ. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നൽകണമെന്ന ആവശ്യം കേന്ദ്രം തളളിയതിൽ ടിഡിപി കടുത്ത അതൃപ്തിയിലാണ്. ഇതേത്തുടർന്നാണ് കേന്ദ്രമന്ത്രിസഭയിലെ രണ്ടു മന്ത്രിമാരോട് രാജിവയ്ക്കാൻ പാർട്ടി ആവശ്യപ്പെട്ടത്. അശോക് ഗജപതി രാജു, വൈ.എസ്. ചൗധരി എന്നീ ടിഡിപി കേന്ദ്രമന്ത്രിമാരോടാണ് രാജിവയ്ക്കാൻ ആവശ്യപ്പെട്ടത്. ഇവർ ഇന്നുതന്നെ മന്ത്രിസ്ഥാനം രാജിവയ്ക്കുമെന്നാണ് വിവരം.

ആന്ധ്രയ്ക്ക് പ്രത്യേക സംസ്ഥാന പദവി നൽകാൻ കഴിയില്ലെന്നും എന്നാൽ ധനസഹായം നൽകാമെന്നും കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്രമന്ത്രിസഭയിൽനിന്നും മന്ത്രിമാരെ പിൻവലിക്കാൻ ടിഡിപി തീരുമാനിച്ചത്. അതേസമയം, ടിഡിപിയുടെ തീരുമാനത്തെ കോൺഗ്രസും ഇടതുപാർട്ടികളും സ്വാഗതം ചെയ്തു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ആന്ധ്രയ്ക്ക് പ്രത്യേക പദവി നൽകാമെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, മുന്നണി വിടാനുളള ടിഡിപിയുടെ നീക്കം ബിജെപിക്ക് വൻ തിരിച്ചടിയായേക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം ബാക്കി നിൽക്കെയാണ് ശിവസേനയ്ക്കു പിന്നാലെ ടിഡിപിയും മുന്നണി വിടാനൊരുങ്ങുന്നത്. ദക്ഷിണേന്ത്യയിൽ സ്വാധീനം വർധിക്കാൻ തയ്യാറെടുക്കുന്ന ബിജെപിക്ക് ഇത് വലിയ ക്ഷീണമുണ്ടാക്കും.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ