ന്യൂഡൽഹി: ജമ്മു കശ്മീരിലെ രജൗരിയിൽ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് സൈനികർക്ക് വീരമൃത്യു. ഒരു സൈനികന്‍ ഉള്‍പ്പടെ നാലു പേര്‍ക്ക് പരിക്കേറ്റു. ഇന്നു രാവിലെയാണ് കാണ്ടിയിലെ കേസരി പ്രദേശത്ത് സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടങ്ങിയത്.
കൊട്രങ്ക സബ് ഡിവിഷനിലെ കാണ്ടി പ്രദേശത്ത് സുരക്ഷാ സേനയുടെ സംയുക്ത ഓപ്പറേഷനിൽ ഒരു സംഘം ഭീകരരെ വളഞ്ഞതായും രാവിലെ 8 മണിയോടെ ഏറ്റുമുട്ടൽ ആരംഭിച്ചതായും ആർമി പിആർഒ ലഫ്റ്റനന്റ് കേണൽ ദേവേന്ദർ ആനന്ദ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. രജൗരി സെക്ടറിലെ കാണ്ടി വനപ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മേയ് മൂന്നിന് ജോയിന്റ് ഓപ്പറേഷൻ നടത്തിയിരുന്നു.
ഇന്നു രാവിലെ 7.30 ന് ഒരു സംഘം ഭീകരർ പ്രദേശത്തെ ഗുഹയിൽ ഒളിച്ചിരിപ്പുണ്ടെന്ന വിവരം ലഭിച്ചു. ഉടൻ തന്നെ സൈന്യം സ്ഥലത്തെത്തി. സൈന്യത്തിന്റെ സാന്നിധ്യം മനസിലാക്കിയ ഭീകരർ അവർക്കുനേരെ വെടിവച്ചു. സൈന്യവും തിരിച്ചടിച്ചു. പരുക്കേറ്റവരെ ഉദംപൂരിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറ്റമുട്ടൽ ഇപ്പോഴും തുടരുകയാണ്.
ഈ പ്രദേശത്ത് എപ്പോഴും ഭീകരരുടെ സാന്നിധ്യമുണ്ട്. എന്നാൽ, നിബിഡവനങ്ങളുള്ളതിനാൽ ഭീകരർ എപ്പോഴും രക്ഷപ്പെടുകയായിരുന്നു.