ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലെ നിയന്ത്രണ രേഖയില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെ തുടര്‍ന്ന് രണ്ട് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ജൂനിയര്‍ കമ്മീഷന്‍ഡ് ഉദ്യോഗസ്ഥരായ ഗമര്‍ തപാ, രമണ്‍ തപാ എന്നിവരാണ് കൊല്ലപ്പെട്ടത്.

വെള്ളിയാഴ്ച കേരന്‍ മേഖലയില്‍ യാതൊരു പ്രകോപനവുമില്ലാതെയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതെന്നും ഇതാണ് ജവാന്‍മാരുടെ മരണത്തിന് കാരണമായതെന്നും പ്രതിരോധ മേഖലയുടെ വക്താവ് പറഞ്ഞു. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചെന്നും അദ്ദേഹം പറഞ്ഞു.

ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരുക്കേല്‍ക്കുകയുമായിരുന്നു. പരുക്കേറ്റ സൈനികനെ ശ്രീനഗറിലെ ബദാമി ബാഗിലെ 92 ബേസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് അദ്ദേഹം മരണത്തിന് കീഴടങ്ങി.

തുടക്കത്തില്‍ പാക് സൈന്യം ഒളിയാക്രമണമാണ് നടത്തിയതെന്ന് പൊലീസ് വൃത്തങ്ങള്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. എന്നാല്‍ എന്താണ് ആക്രമണത്തിന്റെ ഉദ്ദേശമെന്ന് അന്വേഷിച്ചു വരികയാണെന്നും അറിയിച്ചു.

അതേസമയം അവന്തിപുരയിൽ ഇന്ത്യൻ സൈന്യം ആറ് തീവ്രവാദികളെ വധിച്ചു. ഒട്ടേറെ ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് പരുക്കേറ്റു. ഏറ്റുമുട്ടൽ ഇപ്പോളും തുടരുകയാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ