ഇലോണ്‍ മസ്‌ക് ഏറ്റെടുത്തതിന് ശേഷം പുറത്താക്കപ്പെട്ട പരാഗ് അഗര്‍വാള്‍ അടക്കമുള്ള കമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നഷ്ടപരിഹാര തുകയായി ട്വിറ്റര്‍ 100 മില്യണ്‍ ഡോളറിലധികം നല്‍കേണ്ടിവരും. അടിസ്ഥാന ശമ്പളവും ഓഹരിക തിരിച്ചെടുക്കുന്നതിന്റെയും മറ്റുമായാണ് ഇത്രയും തുക നല്‍കേണ്ടി വരുന്നത്.
ബ്ലൂംബെര്‍ഗ് ന്യൂസിന്റെ കണക്കുകൂട്ടലുകള്‍ പ്രകാരം, ഒരു വര്‍ഷം മുമ്പ് ഈ റോളിലേക്ക് ചുവടുവെച്ച ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പരാഗ് അഗര്‍വാളിന് ഏകദേശം 50 മില്യണ്‍ ഡോളര്‍ ലഭിക്കാന്‍ അര്‍ഹതയുണ്ട്. ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ നെഡ് സെഗല്‍, ലീഗൽ ഓഫിസർ വിജയ ഗാഡ്ഡെ എന്നിവര്‍ക്ക് യഥാക്രമം 37 മില്യണ്‍ ഡോളറും 17 മില്യണ്‍ ഡോളറുമാണ് നഷ്ടപരിഹാരം നല്‍കേണ്ടി വരുക.
മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് ശേഷം മൂവരും പുറത്തായത്. വന്‍കിട പൊതു കമ്പനികളിലെ പല പ്രമുഖ നേതാക്കളെയും പോലെ, അഗര്‍വാളിനും അദ്ദേഹത്തിന്റെ താഴയുള്ളവര്‍ക്കും ജോലി നഷ്ടപ്പെട്ടാല്‍ കമ്പനിയുടെ നിബന്ധനകള്‍ അനുസരിച്ച് ഒരു വര്‍ഷത്തെ ശമ്പളത്തിനും ഓഹരികള്‍ക്കും അര്‍ഹതയുണ്ട്. ട്വിറ്റര്‍ അവരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയങ്ങളും ഒരു വര്‍ഷത്തേക്ക് കവര്‍ ചെയ്യണം, ഏകദേശം 31,000 ഡോളര്‍ വീതം.
മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കുന്ന സന്ദര്‍ഭത്തില്‍ അഗര്‍വാളും സെഗാളും സാന്‍ ഫ്രാന്‍സിസ്‌കോയിലെ ആസ്ഥാനത്തുണ്ടായിരുന്നതായാണ് വിവരം. പുറത്താക്കല്‍ നടപടിയില്‍ ട്വിറ്ററോ മസ്‌കോ ഉദ്യോഗസ്ഥരോ പ്രതികരിക്കാന്‍ തയാറായില്ല. 44 ബില്യണ്‍ ഡോളറിനാണ് മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തത്. എന്നാല്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കുമോ എന്ന സംശയം നേരത്തെ നിലനിന്നിരുന്നു. ട്വിസ്റ്റുകളും ടേണുകളുമെല്ലാം നിറഞ്ഞ സംഭവികാസങ്ങള്‍ക്കാണ് ഇന്നലെ പരിസമാപ്തിയായത്.