ഉള്ളടക്കത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തുന്ന നിയന്ത്രണങ്ങളെ നിയമപരമായി നേരിടാന്‍ ട്വിറ്റര്‍. ഉദ്യോഗസ്ഥര്‍ അധികാര ദുര്‍വിനിയോഗം നടത്തുന്നതായാണ് അമേരിക്കന്‍ ആസ്ഥാനമായുള്ള സമൂഹ മാധ്യമത്തിന്റെ അഭിപ്രായം. നിരന്തരം കേന്ദ്രവുമായി ഏറ്റുമുട്ടല്‍ നടത്തേണ്ടി വരുന്ന സാഹചര്യം നിലനില്‍ക്കുന്നതിനാലാണ് ട്വിറ്റര്‍ നിയമവശം പരിശോധിക്കുന്നതെന്നുമാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
സര്‍ക്കാരിനെതിരായ കർഷക സമരത്തേക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതായി ആരോപിക്കപ്പെടുന്ന പോസ്റ്റുകൾ, കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിനെ വിമർശിക്കുന്ന ട്വീറ്റുകൾ എന്നിവ ഉൾപ്പെടെയുള്ളവയില്‍ നടപടിയെടുക്കാൻ ട്വിറ്ററിനോട് കഴിഞ്ഞ വർഷം കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
ട്വിറ്ററിന്റെ നിയമപരമായ നീക്കത്തെക്കുറിച്ച് കേന്ദ്ര ഐടി മന്ത്രാലയം ഇതുവരെ പ്രതികരിക്കാന്‍ തയാറായിട്ടില്ല. ട്വിറ്റർ ഉൾപ്പെടെയുള്ള വലിയ സമൂഹ മാധ്യമങ്ങള്‍ പോസ്റ്റുകള്‍ നീക്കം ചെയ്യാനുള്ള നിര്‍ദേശങ്ങള്‍ ഇതുവരെ പാലിച്ചിട്ടില്ലെന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു. നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കിൽ ക്രിമിനൽ നിയമ നടപടികൾ സ്വീകരിക്കുമെന്ന് കഴിഞ്ഞ മാസം അവസാനം ട്വിറ്ററിന് ഐടി മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു.
പോസ്റ്റുകള്‍ നീക്കം ചെയ്യാനുള്ള ചില ഉത്തരവുകള്‍ ഇന്ത്യയുടെ ഐടി നിയമത്തിന്റെ നടപടി ക്രമങ്ങള്‍ക്ക് അനുശ്രുതമല്ല എന്നാണ് ട്വിറ്റര്‍ വാദിക്കുന്നത്. എന്നാല്‍ കേന്ദ്രത്തിന്റെ ഏതൊക്കെ നിര്‍ദേശങ്ങളാണ് നിയമപരമായി അവലോകനം ചെയ്യേണ്ടതെന്ന് ട്വിറ്റര്‍ വ്യക്തമാക്കുന്നില്ല. ദേശീയ സുരക്ഷയെ ബാധിക്കുന്ന ഉള്ളടക്കങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തുന്നതില്‍ നിന്ന് തടയാന്‍ ഐടി നിയമം സര്‍ക്കാരിനെ അനുവദിക്കുന്നുണ്ട്.
Also Read: രാഹുൽ ഗാന്ധിയുടെ വീഡിയോ തെറ്റായി പ്രചരിപ്പിച്ചു; ചാനൽ അവതാരകൻ കസ്റ്റഡിയിൽ