ഇന്ത്യൻ ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കുന്നതിന് ട്വിറ്റർ നിയോഗിച്ച ഇടക്കാല ഗ്രീവൻസ് ഓഫീസർ സ്ഥാനമൊഴിഞ്ഞു. പുതിയ ഐടി നിയമങ്ങൾ പ്രകാരം അടുത്തിടെയാണ് ട്വിറ്റർ ഇന്ത്യയിലെ ഇടക്കാല റസിഡന്റ് ഗ്രീവൻസ് ഓഫീസറെ നിയമിച്ചത്.
ട്വിറ്റർ ഇന്ത്യയുടെ ഇടക്കാല റെസിഡന്റ് ഗ്രീവൻസ് ഓഫീസറായി നിയമിതനായ ധർമേന്ദ്ര ചതുർ ഈ സ്ഥാനത്ത് നിന്ന് രാജിവച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇൻഫർമേഷൻ ടെക്നോളജി റൂൾസ് 2021 പ്രകാരം സോഷ്യൽ മീഡിയ കമ്പനിയുടെ വെബ്സൈറ്റിൽ അദ്ദേഹത്തിന്റെ പേര് പ്രദർശിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ ആ പേര് നീക്കം ചെയ്ത നിലയിലാണ്.
സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ ട്വിറ്റർ വിസമ്മതിച്ചു. പുതിയ സോഷ്യൽ മീഡിയ നിയമങ്ങളുമായി ബന്ധപ്പെട്ട് ട്വിറ്റരും കേന്ദ്ര സർക്കാരുമായി തർക്കം തുടരുന്ന സമയത്താണ് പുതിയ സംഭവ വികാസം.
Read More: പുതിയ ഐടി നിയമം: ഗ്രിവൻസ് ഓഫീസറെ നിയമിച്ചതായി ട്വിറ്റർ ഹൈക്കോടതിയിൽ
രാജ്യത്തിന്റെ പുതിയ ഐടി നിയമങ്ങൾ പാലിക്കുന്നതിൽ ട്വിറ്റർ പരാജയപ്പെട്ടെന്നും മനഃപൂർവ്വം ധിക്കരിച്ചെന്നും സർക്കാർ അഭിപ്രായപ്പെട്ടിരുന്നു.
മെയ് 25 മുതലാണ് രാജ്യത്ത് പുതിയ ഐടി നിയമങ്ങൾ പ്രാബല്യത്തിൽ വന്നത്. ഈ നിയമം പ്രകാരം ഉപയോക്താക്കളിൽ നിന്നുള്ള പരാതികൾ പരിഹരിക്കുന്നതിനായി സോഷ്യൽ മീഡിയ കമ്പനികൾ പരാതി പരിഹാര സംവിധാനങ്ങൾ സ്ഥാപിക്കണം.
ജൂൺ 5 ന് സർക്കാർ പുറപ്പെടുവിച്ച അന്തിമ നോട്ടീസിന് മറുപടിയായി ട്വിറ്റർ പുതിയ ഐടി നിയമങ്ങൾ പാലിക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്നും ചീഫ് കംപ്ലയിൻസ് ഓഫീസറുടെ വിശദാംശങ്ങൾ പങ്കുവെക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഇതിനിടെ, ട്വിറ്റർ ഇന്ത്യയുടെ ഇടക്കാല ഗ്രീവൻസ് ഓഫീസറായി ചതുറിനെ നിയമിക്കുകയായിരുന്നു.