ഗാസിയാബാദിലെ ലോനിയിൽ പ്രായമായ ഒരു മുസ്ലീം പുരുഷനെ ആക്രമിക്കുന്നതിന്റെ വീഡിയോയുമായി ബന്ധപ്പെട്ട 50 ട്വീറ്റുകൾക്ക് ട്വിറ്റർ ഇന്ത്യ നിയന്ത്രണമേർപ്പെടുത്തി.
അബ്ദുൾ സമദ് സൈഫി എന്നയാളെ ആക്രമിക്കുന്നതിന്റെയും അദ്ദേഹത്തിന്റെ താടി മുറിക്കുന്നതിന്റെയും ദൃശ്യങ്ങളുള്ള വീഡിയോയുമായി ബന്ധപ്പെട്ട ട്വീറ്റുകളിലേക്കുള്ള ആക്സസ് തടഞ്ഞതായി ട്വിറ്റർ അധികൃതർ അറിയിച്ചു.
ഈ വീഡിയോക്ക് ശേഷം വന്ന ഒരു ഫേസ്ബുക്ക് ലൈവിൽ, പ്രതി തനിക്ക് ഓട്ടോയിൽ ലിഫ്റ്റ് നൽകിയെന്നും ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി മർദ്ദിച്ചുവെന്നും ‘ജയ് ശ്രീ റാം’ എന്ന് ചൊല്ലാൻ നിർബന്ധിച്ചുവെന്നും സെയ്ഫി ആരോപിക്കുന്നുണ്ട്. എന്നാൽ, ഫലപ്രദമല്ലാത്ത തകിട് വിറ്റതിനാലാണ് പ്രതി അദ്ദേഹത്തെ മർദ്ദിച്ചതെന്ന് പോലീസ് പറഞ്ഞു.
സംഭവത്തിൽ സാമുദായിക സംഘർഷം പ്രോത്സാഹിപ്പിച്ചെന്നാരോപിച്ച് ട്വിറ്ററിനെതിരെ യുപി പോലീസ് അന്വേഷണം തുടരുന്ന സാഹചര്യത്തിലാണ് ട്വിറ്ററിന്റെ പുതിയ നടപടി.
“പ്രാദേശിക നിയമങ്ങൾ ലംഘിക്കുന്നതായ ഉള്ളടക്കം കണ്ടെത്തുമ്പോൾ ചില ഉള്ളടക്കങ്ങളിലേക്കുള്ള ആക്സസ് തടഞ്ഞുവയ്ക്കേണ്ടത് ആവശ്യമായി വന്നേക്കാം. ഉള്ളടക്കം നിയമവിരുദ്ധമാണെന്ന് നിർണ്ണയിക്കപ്പെടുന്ന നിർദ്ദിഷ്ട അധികാരപരിധിയിൽ / രാജ്യത്ത് ആ തടഞ്ഞുവയ്ക്കൽ പരിമിതപ്പെടുത്തിയിരിക്കുന്നു. അക്കൗണ്ടുമായി ബന്ധപ്പെട്ട ഇമെയിൽ വിലാസത്തിലേക്ക് ലഭ്യമാണെങ്കിൽ ഒരു സന്ദേശം അയച്ചുകൊണ്ട് അക്കൗണ്ടുമായി ബന്ധപ്പെട്ട ഒരു നിയമപരമായ ഉത്തരവ് ഞങ്ങൾക്ക് ലഭിച്ചുവെന്ന് അക്കൗണ്ട് ഉടമയെ നേരിട്ട് അറിയിക്കും, ”ട്വിറ്റർ പ്രസ്താവനയിൽ പറഞ്ഞു.
ഗാസിയാബാദിൽ പ്രായമായ ഒരാളെ ആക്രമിച്ചതുമായി ബന്ധപ്പെട്ട വീഡിയോയുടെ പേരിൽ ഗാസിയാബാദ് പോലീസ് ട്വിറ്റർ ഇൻകോർപറേറ്റഡ്, ട്വിറ്റർ കമ്മ്യൂണിക്കേഷൻസ് ഇന്ത്യ, മാധ്യമപ്രവർത്തകരായ മുഹമ്മദ് സുബൈർ, റാണ അയ്യൂബ് തുടങ്ങിയവർക്കെതിരെ കേസെടുത്തിരുന്നു.
ഐപിസിയുടെ 153 (കലാപത്തിന് പ്രകോപനം), 153 എ (വിവിധ സംഘങ്ങൾ തമ്മിലുള്ള ശത്രുത വളർത്തൽ), 295 എ (മതവികാരങ്ങളെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചുള്ള പ്രവർത്തനങ്ങൾ), 505 (തെറ്റിദ്ധാരണ പരത്തൽ), 120 ബി (ക്രിമിനൽ ഗൂഢാലോചന), 34 (പൊതു ഉദ്ദേശ്യം) വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്.
കേസുമായി ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്താൻ ഗാസിയാബാദ് പോലീസ് ട്വിറ്റർ ഇന്ത്യ എംഡി മനീഷ് മഹേശ്വരിക്ക് സമൻസ് അയച്ചിരുന്നു.