ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കെ വ്യാജ വാര്‍ത്തകള്‍ക്ക് തടയിടുന്നതിന് വിവിധ നടപടികള്‍ ഉണ്ടാകും. ട്വിറ്റര്‍ സഹസ്ഥാപകനും സിഇഒയുമായ ജാക്ക് ദോസ്സെയാണ് ഇക്കാര്യം അറിയിച്ചത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങള്‍ തടയുന്നതിന് കൃത്രിമ ഇന്റലിജന്‍സ് ടൂളടക്കം ഉപയോഗിക്കാനാണ്
ട്വിറ്റർ ഒരുങ്ങുന്നത്.

തമാശകളെ തെറ്റായവിവരങ്ങളായി കാണാനാവില്ലെന്നും അതേസമയം ജനങ്ങളെ തെറ്റിദ്ധരിപ്പക്കണമെന്ന് ഉദ്ദേശത്തോടെ പ്രചരിപ്പിക്കുന്നതാണ്‌ യഥാര്‍ത്ഥ പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി ഐഐടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ദോസ്സെ തിങ്കളാഴ്ച രാവിലെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വ്യാജവാര്‍ത്തകളെ കുറിച്ച് തന്നെയായിരുന്നു ഇരുവരും സംസാരിച്ചത്. ദോസ്സെയുമായുള്ള ചിത്രം രാഹുൽ ഗാന്ധി തന്നെ ട്വിറ്ററിൽ പങ്കുവെച്ചത്.

പിന്നീട് ആത്മീയ നേതാവ് ദലൈലാമയുമായും ദോസ്സെ കൂടിക്കാഴ്ച നടത്തിയിരുന്നു.

ഫേയ്സ്ബുക്കിനും വാട്സാപ്പിനും പുറമെ ട്വിറ്ററും വ്യാജ വാർത്തകൾക്കെതിരെ നടപടി സ്വീകരിക്കുന്നത് ലോക്സഭ തിരഞ്ഞെടുപ്പിൽ നിർണായകമാകും. ലോകത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും പ്രചാരത്തിലുള്ളതുമായ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് ട്വിറ്റർ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook