ന്യൂഡല്‍ഹി: ഐടി ചട്ടങ്ങളിലെ മുഴുവന്‍ വ്യവസ്ഥകളും പാലിക്കുന്നതുമായി ബന്ധപ്പെട്ട് നിലപാട് അറിയിക്കാന്‍ ട്വിറ്ററിനു ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം. റസിഡന്റ് ഗ്രീവന്‍സ് ഓഫീസറെ നിയമിക്കാന്‍ ആഗ്രഹിക്കുന്നത്ര സമയമെടുക്കാന്‍ ട്വിറ്ററിനെ അനുവദിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ഇപ്പോള്‍ തന്നെ നിയമനം നടത്തണമെന്നു പറഞ്ഞ കോടതി കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കുമെന്നും വ്യക്തമാക്കി.
”ഇതിന് എത്ര സമയമെടുക്കും? ആഗ്രഹിക്കുന്നിടത്തോളം സമയമെടുക്കാമെന്ന് ട്വിറ്റര്‍ കരുതുന്നുണ്ടെങ്കില്‍, നമ്മുടെ രാജ്യത്ത് അത് ഞാൻ അനുവദിക്കില്ല. നിങ്ങള്‍ ആഗ്രഹിക്കുന്നത്ര സമയം എടുക്കാന്‍ ഞാന്‍ അനുവദിക്കില്ല,” ജസ്റ്റിസ് രേഖ പല്ലി പറഞ്ഞു. 2021 ലെ ഐടി ചട്ടങ്ങള്‍ അനുസരിച്ച് ട്വിറ്റര്‍ റസിഡന്റ് ഗ്രീവന്‍സ് ഓഫീസറെ നിയമിച്ചിട്ടില്ലെന്ന് ആരോപിച്ചുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു അവര്‍.
ട്വിറ്ററിന്റെ ഈ മനോഭാവം രാജ്യത്തിന്റെ ഡിജിറ്റല്‍ പരമാധികാരത്തെ തകര്‍ക്കുന്നുവെന്നും 42 ദിവസമായി ഇതു പാലിക്കുന്നില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
നിലവില്‍, ട്വിറ്റര്‍ ഐടി ചട്ടങ്ങള്‍ പാലിക്കുന്നില്ലെന്ന് ട്വിറ്ററിനെ പ്രതിനിധീകരിച്ച മുതിര്‍ന്ന അഭിഭാഷകന് സജന് പൂവയ്യ കോടതിയില്‍ സമ്മതിച്ചു. നിയമനം നടത്താനുള്ള ശ്രമത്തിലാണ് ട്വിറ്ററെന്ന് അദ്ദേഹം ബോധിപ്പിച്ചു.
Also Read: ഐടി ചട്ടങ്ങൾ നാടിന്റെ നിയമം; അവ ട്വിറ്റർ അനുസരിക്കണമെന്ന് കേന്ദ്രം കോടതിയിൽ
പുതിയ ഐടി ചട്ടങ്ങള്‍ നാടിന്റെ നിയമമാണെന്നും അവ ട്വിറ്റര്‍ നിര്‍ബന്ധമായും പാലിക്കണമെന്നും നിയമങ്ങള്‍ ഇക്കാര്യത്തിൽ ട്വിറ്റര്‍ പരാജയപ്പെട്ടുവെന്നും കേന്ദ്രസര്‍ക്കാര്‍ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. ഇതുകാരണം നിയമമനുസരിച്ച് ഇന്റര്മീഡിയറികള്ക്കുള്ള പ്രതിരോധം ട്വിറ്ററിനു നഷ്ടപ്പെടുന്നതായും കേന്ദ്രം കോടതിയെ അറിയിച്ചു.