ന്യൂഡല്‍ഹി: ഡല്‍ഹിക്ക് അടുത്ത് ഗുഡ്ഗാവില്‍ അഞ്ച് വയസുകാരികളായ ഇരട്ടസഹോദരികള്‍ കാറിനകത്ത് ശ്വാസം മുട്ടി മരിച്ചു. ബിഹാറിലെ ജമാല്‍പൂരില്‍ താമസിക്കുന്ന കുട്ടികള്‍ അവധി ആഘോഷിക്കാനായി മുത്തച്ഛന്റെ വീട്ടില്‍ എത്തിയതായിരുന്നു. ഹര്‍ഷ, ഹര്‍ഷിത എന്നീ കുട്ടികളാണ് മരിച്ചത്. സൈനികനായ കുട്ടികളുടെ പിതാവ് മീററ്റില്‍ ആണ് സേവനം അനുഷ്ഠിക്കുന്നത്.

വീടിന്റെ പിറകില്‍ പാര്‍ക്ക് ചെയ്തു വെച്ചിരുന്ന പഴയ ഹ്യുണ്ടായ് കാറില്‍ കളിച്ചുകൊണ്ടിരിക്കെയാണ് അപകടം സംഭവിച്ചത്. കാറിന്റെ ഡോര്‍ ലോക്ക് ആയത് തുറക്കാന്‍ പറ്റാത്തതാണ് അപകടത്തിന് ഇടയാക്കിയത്. രണ്ട് മണിക്കൂറോളം കാറിനകത്ത് കുടുങ്ങിയ സഹോദരികള്‍ ഡോര്‍ തുറക്കാന്‍ ശ്രമിച്ചതിന്റെ അടയാളങ്ങളും പിന്നീട് തിരിച്ചറിഞ്ഞു.

ചൂടും ഈര്‍പ്പവും കെട്ടിനിന്ന കാറിനകത്ത് ശ്വാസം മുട്ടിയാണ് ഇരുവരും മരിച്ചത്. വൈകുന്നേരം നാല് മണിയോടെയാണ് കുട്ടികളെ കാണാത്തതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ തിരച്ചില്‍ നടത്തിയത്. തുടര്‍ന്നാണ് കാറിനകത്ത് മരിച്ച നിലയില്‍ കുട്ടികളെ കണ്ടെത്തിയത്.

ഇരുവരും ജനിച്ചപ്പോള്‍ കുടുംബത്തില്‍ ഏറെ സന്തോഷം വന്നതായി പിതാവ് ഗോവിന്ദ് സിംഗ് വ്യക്തമാക്കി. ചുറുചുറുക്കുളള തന്റെ കുട്ടികളെ കുറിച്ച് എല്ലാവര്‍ക്കും നല്ല അഭിപ്രായമായിരുന്നുവെന്നും അദ്ദേഹം നിറകണ്ണോടെ പറഞ്ഞു. ഒരുമിച്ച് ജനിച്ച തന്റെ കുട്ടികള്‍ ഒരുമിച്ച് യാത്രയാകുമെന്ന് കരുതിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook