ന്യൂഡല്‍ഹി: വാര്‍ത്താ ചാനല്‍ അവതാരക ഫ്‌ളാറ്റിന്റെ നാലാം നിലയില്‍ നിന്ന് വീണു മരിച്ചു. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ബാല്‍ക്കണിയില്‍ നിന്നും വീണാണ് സീ രാജസ്ഥാന്‍ ചാനലിലെ വാര്‍ത്താ അവതാരകയായ രാധിക കൗശിക് മരിച്ചത്. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

രാജസ്ഥാന്‍ സ്വദേശിയായ രാധിക അന്‍ട്രിക് ഫോറെസ്റ്റ് അപ്പാര്‍ട്ട്‌മെന്റില്‍ സഹപ്രവര്‍ത്തകനൊപ്പം പുലര്‍ച്ചെ 3.30ന് ബാല്‍ക്കണിയില്‍ നില്‍ക്കുമ്പോളാണ് സംഭവം ഉണ്ടായത് എന്ന് പൊലീസ് പറയുന്നു. ബന്ധുക്കളുടെ പരാതി പ്രകാരം കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്യുകയും സഹപ്രവര്‍ത്തകനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിട്ടുണ്ട്.

സംഭവ സമയത്ത് ഇരുവരും മദ്യ ലഹരിയില്‍ ആയിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. രാധികയുടെ ഫ്‌ളാറ്റില്‍ നിന്നും മദ്യക്കുപ്പികള്‍ കണ്ടെടുത്തിട്ടുണ്ട്. വ്യാഴാഴ്ച രാത്രി താമസ സ്ഥലത്ത് പാര്‍ട്ടി നടന്നിരുന്നു.

ഫ്‌ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനാണ് അപകടവിവരം പോലീസിനെ അറിയിച്ചത്. സംഭവ സമയത്ത് ഭക്ഷണം കഴിക്കാന്‍ താന്‍ വീട്ടിനുള്ളിലേക്ക പോയെന്നാണ് സഹപ്രവര്‍ത്തകന്‍ പറയുന്നത്. രാധിക അബദ്ധത്തില്‍ കാല്‍വഴുതി താഴേക്ക് വീണതാണെന്നും ഇയാള്‍ പറയുന്നു.

ബാല്‍ക്കണിയുടെ കൈവരിക്ക് ഉയരം കുറവാണെന്ന് പൊലീസ് പറയുന്നു. മരണകാരണം വിശദമായി അന്വേഷിച്ച് വരികയാണെന്നും പോലീസ് വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook