മുംബെയിലെ അന്ധേരി വെസ്റ്റിൽ വിദ്യാർത്ഥിനിയെ ‘അഭിസാരിക’ എന്ന് വിളിച്ച 48 കാരനായ ട്യൂഷൻ അധ്യാപകനെ കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള (പോക്സോ) നിയമപ്രകാരം അറസ്റ്റ് ചെയ്തു. 16 കാരിയായ വിദ്യാർത്ഥിയെയാണ് അധ്യാപകൻ അധിക്ഷേപിച്ചത്. ഒപ്പമുള്ള വിദ്യാർത്ഥിയെ മടിയിൽ തലവെക്കാൻ അനുവദിച്ചു എന്ന് പറഞ്ഞായിരുന്നു വിദ്യാർത്ഥിനിക്ക് നേരെ അധ്യാപകൻ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയത്.
പ്രതി അന്ധേരി വെസ്റ്റിൽ ഒരു സ്വകാര്യ ട്യൂട്ടോറിയൽ നടത്തുകയാണെന്നും ഒക്ടോബർ 29-ന് എട്ടോ പത്തോ വിദ്യാർഥികൾ പഠിക്കുന്ന ക്ലാസിലാണ് സംഭവമുണ്ടായതെന്നും ഓഷിവാര പൊലീസ് പറഞ്ഞു.
“16 വയസ്സുള്ള പെൺകുട്ടിയുടെ മടിയിൽ ഒരു പുരുഷ വിദ്യാർത്ഥി തല വച്ചിരിക്കുന്നത് കണ്ടതായി ട്യൂട്ടർ അവകാശപ്പെട്ടു. ഇത് അയാളെ രോഷാകുലനാക്കുകയും വിദ്യാർത്ഥിനിയെ ശാസിക്കുന്നതിനിടയിൽ “അഭിസാരിക” എന്ന വാക്ക് ഉൾപ്പെടെയുള്ള നീചമായ കമന്റുകൾ ഉപയോഗിക്കുകയും ചെയ്തു,” പൊലീസ് പറഞ്ഞു.
Also Read: യുപിയിൽ വൻ സീറ്റ് നഷ്ടത്തോടെ ബിജെപി തുടരും; പഞ്ചാബിൽ കോൺഗ്രസ്-എഎപി പോരാട്ടം: സി വോട്ടർ സർവേ
ഇരയായ പെൺകുട്ടി വീട്ടിൽ തിരിച്ചെത്തി മാതാപിതാക്കളോട് പരാതിപ്പെട്ടു, അവർ അടുത്ത ദിവസം ഓഷിവാര പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയും ട്യൂട്ടർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയുമായിരുന്നു.
ആൺകുട്ടി പെൻസിൽ താഴെയിട്ടുവെന്നും അത് എടുക്കുന്നതിനിടെ തല തന്റെ മടിയിൽ തല സ്പർശിച്ചതായും പെൺകുട്ടി പോലീസിനോട് പറഞ്ഞു. വിദ്യാർത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, അധ്യാപികനെതിരെ ഐപിസി വകുപ്പ് 509 (സ്ത്രീയുടെ മാന്യതയെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ള പ്രവൃത്തിയോ വാക്കുകളോ ആംഗ്യങ്ങളോ), പോക്സോ നിയമത്തിലെ വകുപ്പ് 12 (ലൈംഗിക പീഡനം) എന്നിവ പ്രകാരം കേസെടുത്തു.
“ഞങ്ങൾ അന്നുതന്നെ അധ്യാപകനെ അറസ്റ്റ് ചെയ്തു. സെഷൻസ് കോടതിയിൽ ഹാജരാക്കിയ അയാൾക്ക് ജാമ്യം അനുവദിച്ചു, ”ഓഷിവാര പോലീസ് സ്റ്റേഷനിലെ ആക്ടിംഗ് സീനിയർ പോലീസ് ഇൻസ്പെക്ടർ വിവേക് ഷെൻഡെ പറഞ്ഞു.