ഭവന നഗരാസൂത്രണ വകുപ്പ് 2018 ൽ നടത്തിയ സർവ്വേയിൽ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള ചെറിയ നഗരമായി പ്രഖ്യാപിക്കപ്പെട്ടത് ചത്തീസ് ഗഢിലെ സുർഗുജ ജില്ലയിലെ അംബികാപൂർ സിറ്റിയായിരുന്നു. ദുർഗന്ധവും മാലിന്യവും നിറഞ്ഞ തെരുവുകൾ നിറഞ്ഞ ഈ നഗരത്തിലൂടെ ഒരിക്കൽ മൂക്കുപൊത്താതെ നടക്കാൻ കഴിയില്ലായിരുന്നു. ആ നഗരത്തെ വൃത്തിയുള്ള നഗരമാക്കി മാറ്റിയതിനു പിന്നിൽ ഒരു കലക്ടറുണ്ട്. ഋതു സെയ്ൻ എന്ന മിടുക്കിയായ ഐഎഎസ് ഓഫീസർ.
ചത്തീസ് ഗഢിലെ അംബികാപൂർ സിറ്റിയിലേക്ക് വന്നിറങ്ങിയ ആ ദിവസം തനിക്ക് മറക്കാനാവില്ല എന്നാണ് ഈ കലക്ടർ പറയുന്നത്, ” ആ ദിവസം എനിക്ക് മറക്കാൻ ആവില്ല. 2014 ഫെബ്രുവരി മാസത്തിലായിരുന്നു അത്. അംബികാപൂർ മുൻസിപ്പൽ കോർപ്പേഷന്റെ മുൻപിൽ എന്നെ സ്വാഗതം ചെയ്തുകൊണ്ട് വലിയൊരു പോസ്റ്റർ വെച്ചിരുന്നു. എന്നാൽ, അതിന് നേരെ എതിർവശത്തായി വലിയൊരു പറമ്പ് നിറയെ മാലിന്യം കൂട്ടിയിട്ടിരുന്നു. അസഹനീയമായ ദുർഗന്ധം. സിറ്റിയിലേയ്ക്ക് വന്നിറങ്ങുന്ന ഒരാൾ ഈ കാഴ്ചയാണ് കാണുന്നതെങ്കിൽ, അയാൾക്ക് പിന്നെ ഈ നഗരത്തെ കുറിച്ച് എന്ത് മതിപ്പാണ് ഉണ്ടാവുക? എന്നാണ് ഞാനോർത്തത്” ഋതു സെയ്ൻ ഓര്മ്മിച്ചു.
സുർഗുജ ജില്ലയുടെ കലക്ടർ ആയിട്ടായിരുന്നു ഋതുവിന്റെ വരവ്. ” ഇനിയങ്ങോട്ട് എന്തിനായിരിക്കണം പ്രഥമ പരിഗണന എന്ന് ആ വന്നിറങ്ങിലിൽ തന്നെ ഞാൻ തീരുമാനം എടുത്തിരുന്നു. അന്നുമുതൽ ദുർഗന്ധവിമുക്തമായ ഒരു സ്വപ്നത്തിനു വേണ്ടിയായി പ്രവർത്തനങ്ങൾ,” ഇപ്പോൾ ചത്തീസ്ഗഢിന്റെ അഡീഷണൽ സെക്രട്ടറി കമ്മീഷണർ ആയി സേവനം അനുഷ്ഠിക്കുന്ന ഋതു സെയ്ൻ ഹിന്ദുസ്ഥാൻ ടൈംസിനു നൽകിയ അഭിമുഖത്തിൽ പറയുന്നു.
വലിയൊരു വെല്ലുവിളി തന്നെയായിരുന്നു കലക്ടർക്ക് മുന്നിലുണ്ടായിരുന്നത്. 1,45,000 പേരോളം ജനവാസമുള്ള സിറ്റിയാണ്. വലിയൊരു മാലിന്യനിർമാജന പദ്ധതിയൊന്നും ഒറ്റയടിക്ക് നടപ്പാക്കാനുള്ള അത്രയും ഫണ്ടും കലക്ടർക്ക് മുന്നിലുണ്ടായിരുന്നില്ല. ആളുകളുടെ സഹകരണത്തോടെ, അധികം ചെലവില്ലാത്ത മാർഗ്ഗങ്ങൾ സ്വീകരിച്ച് മുന്നോട്ടു പോവാൻ തന്നെ ആ ഐഎഎസ് ഓഫീസർ തീരുമാനിച്ചു.
സുദീർഘമായ ആലോചനകൾക്കും ചർച്ചകൾക്കും ശേഷം ഒരു ആക്ഷൻ പ്ലാൻ കണ്ടെത്തിയതോടെ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഖര- ദ്രാവക മാലിന്യം വേർതിരിക്കാനായി ഒരു പ്ലാനുണ്ടാക്കി, പരീക്ഷണാടിസ്ഥാനത്തിൽ ഒരു വാർഡിൽ പദ്ധതി ആരംഭിച്ചു. കുടുംബശ്രീ പോലുള്ള, സ്ത്രീകളുടെ ചെറിയ സഹായസഹകരണ ഗ്രൂപ്പുകളുടെ സേവനം ഉപയോഗപ്പെടുത്തിയായിരുന്നു ഒന്നാം ഘട്ട ഓപ്പറേഷൻ. മൂന്നു പേരടങ്ങിയ ഒരു ടീമിനെ ഇതിനായി നിയമിച്ചു. ഓരോ ആളുടെ കീഴിലും നൂറോളം ജോലിക്കാരെയും ഏർപ്പെടുത്തി. ഈ ടീം അംഗങ്ങൾ വീടുവീടാന്തരം നടന്ന് വേസ്റ്റ് ശേഖരിച്ച് അവയെ വേർത്തിരിച്ചെടുത്തു.
ജൈവ-അജൈവ മാലിന്യങ്ങളെ 24 തരമായി വിഭജിച്ച് വേർതിരിച്ചെടുക്കാനായി വാർഡിലൊരു ഗാരേജ് ക്ലിനിക്കും ആരംഭിച്ചു. മൂന്നാം ഘട്ടത്തിൽ കുറേക്കൂടി സൂക്ഷ്മമായി മാലിന്യം വേർതിരിക്കുന്ന സംസ്കരിക്കുന്ന പദ്ധതി ആരംഭിച്ചു. ഇതിന്റെ ഭാഗമായി മൈക്രോ സെഗ്രഗേഷൻ വേസ്റ്റ് മാനേജ്മെന്റ് വഴി മാലിന്യം ശുദ്ധീകരിച്ചെടുത്തു. പുനരുപയോഗിക്കാനാവുന്ന വസ്തുക്കൾ സ്ക്രാപ്പ് ഡീലർമാർക്ക് വിൽക്കാനും തുടങ്ങി.
2016 മേയ് മാസത്തോടെ 48 വാർഡുകളിലേക്കും ഈ വേസ്റ്റ് മാനേജ്മെന്റ് രീതി വ്യാപിക്കാൻ കലക്ടർക്കും ടീമിനും സാധിച്ചു. മാലിന്യം ശേഖരിക്കുന്നതിന് വീട്ടുകാരിൽ നിന്നും ചെറിയൊരു ഫീസും ഏർപ്പാടാക്കി തുടങ്ങി. ഇപ്പോൾ 447 സ്ത്രീകളാണ് 48 ഗാരേജ് സെന്ററുകളിലായി മാലിന്യസംസ്കരണ ജോലികൾ ചെയ്തു കൊണ്ടിരിക്കുന്നത്. രാവിലെ ഏഴ് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയാണ് ഇവരുടെ ജോലി. ജോലിക്കാർക്കെല്ലാം ജാക്കറ്റ്, ഏപ്രൺസ്, ഗ്ലൗ, മാസ്ക് തുടങ്ങിയ സുരക്ഷാസജ്ജീകരങ്ങളും കൃത്യമായ ഇടവേളകളിൽ ഇവരുടെ ആരോഗ്യചികിത്സയും അധികൃതർ ഉറപ്പുവരുത്തുന്നു. ഫലമോ, 16 ഏക്കറോളം വിശാലമായി കിടന്ന സിറ്റിയിലെ ‘മാലിന്യകൂമ്പാരം’ ഇന്ന് സാനിറ്റേഷൻ അവയർനെസ്സ് പാർക്കാക്കി മാറിയിരിക്കുന്നു. മാലിന്യം നിറഞ്ഞ 200 ലേറെ കമ്മ്യൂണിറ്റി ഡസ്റ്റ്ബിന്നുകളുടെ എണ്ണം അഞ്ചായി ചുരുങ്ങി.
“ഇതൊരു സെൽഫ് സസ്റ്റെയിനിംഗ് മോഡലാണ്. ഓരോ സ്ത്രീയ്ക്കും 5000 രൂപയാണ് വേസ്റ്റ് ശേഖരിക്കുന്നതിനുള്ള ഫീസായും റീസൈക്കിൾ വിൽപ്പനയിലൂടെയും ലഭിക്കും. ആറു കോടി രൂപയോളം രൂപയാണ് ഞങ്ങൾ ഇൻഫ്രാസ്ട്രെക്ച്ചറിനായി ചെലവഴിച്ചത്, ഇതിൽ രണ്ടു കോടിയോളം രൂപ ഇതിനകം തന്നെ തിരിച്ചു കിട്ടി. ഈ പണം സാനിറ്റേഷൻ ജോലിക്കാർക്കു വേണ്ടി തന്നെ ഉപയോഗപ്പെടുത്തുകയാണ്,” ഋതു സെയ്ൻ പറയുന്നു.