അങ്കാറ: തുര്‍ക്കി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തയ്യിപ് എര്‍ദോഗന് വിജയം. പാര്‍ലമെന്ററി സമ്പ്രദായത്തില്‍ നിന്നും പ്രസിഡന്‍ഷ്യല്‍ ഭരണത്തിലേക്ക് തുര്‍ക്കിയെ മാറ്റിക്കൊണ്ടുള്ള ഭരണഘടന ഭേദഗതി നിലവില്‍ വന്നതിന് ശേഷമുള്ള തിരഞ്ഞെടുപ്പാണിത്. 52.5 ശതമാനം വോട്ടുകളോടെയാണ് എര്‍ദോഗന്റെ വിജയം.
പാര്‍ലമെന്റിലേക്കും പ്രസിഡന്റ് പദവിയിലേക്കുമാണ് തുര്‍ക്കിയില്‍ തിരഞ്ഞെടുപ്പ് നടന്നത്. രണ്ടിലും എര്‍ദോഗന്റെ പാര്‍ട്ടിക്കാണ് വിജയം. എര്‍ഗേന്റെ മുഖ്യ എതിരാളിയും റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവുമായ മുഹര്‍റം ഇന്‍ജെ 30.7 ശതമാനം വോട്ടുകളാണ് നേടിയത്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
കൂടുതല്‍ അധികാരമുള്ള പ്രസിഡന്റ് പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ വലിയ ഉത്തരവാദിത്വമാണ് ജനങ്ങള്‍ തനിക്ക് നല്‍കിയിട്ടുള്ളതെന്നായിരുന്നു എര്‍ദോഗന്റെ പ്രതികരണം. അതേസമയം, തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നിട്ടുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
2016ലെ പട്ടാള അട്ടിമറി ശ്രമത്തിന് ശേഷം പ്രഖ്യാപിച്ച അടിയന്തരാവസ്ഥ തുര്‍ക്കിയില്‍ ഇപ്പോഴും തുടരുകയാണ്. 2019 നവബംറിലായിരുന്നു പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കേണ്ടതെങ്കിലും എര്‍ദോഗന്‍ നേരത്തെ നടത്തുകയായിരുന്നു.