തുര്‍ക്കി ഭൂകമ്പത്തില്‍ കാണാതായ ഇന്ത്യക്കാരന്റെ മൃതദേഹം കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെത്തി. തുര്‍ക്കിയിലെ മലത്യയില്‍ നിന്ന് ഇന്ത്യന്‍ വംശജനായ ഉത്തരാഖണ്ഡ് സ്വദേശിയുടെ മൃതദേഹം രക്ഷാസംഘം കണ്ടെത്തിതയായി ഇന്ത്യന്‍ എംബസി അറിയിച്ചു. ഭൂകമ്പത്തെ തുടര്‍ന്ന് കാണാതായ ഉത്തരാഖണ്ഡില്‍ നിന്നുള്ള പ്ലാന്റ് എഞ്ചിനീയറായ 36 കാരനായ വിജയ് കുമാറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.ഒരു മാസത്തെ ജോലിസംബന്ധമായ യാത്രയുടെ ഭാഗമായാണ് വിജയ് കുമാര്‍ തുര്‍ക്കിയിലെത്തിയത്.
അതേസമയം, തുര്‍ക്കി സിറിയ ഭൂകമ്പത്തില്‍ മരണം 24,150 കവിഞ്ഞു. തെക്കന്‍ തുര്‍ക്കിയിലും വടക്കുപടിഞ്ഞാറന്‍ സിറിയയിലും ഉണ്ടായ ഭൂകമ്പത്തെ ‘100 വര്‍ഷത്തിനിടയിലെ ഏറ്റവും മോശം സംഭവമായി’ ആണ് യുഎന്‍ എയ്ഡ് ചീഫ് മാര്‍ട്ടിന്‍ ഗ്രിഫിത്ത്‌സ് വിശേഷിപ്പിച്ചത്. ദുരന്തത്തെ തുടരുകയാണ്. ഭൂകമ്പത്തിന് നൂറിലധികം മണിക്കൂറുകള്‍ക്കുശേഷം വെള്ളിയാഴ്ച 12 പേരെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷപ്പെടുത്തി.
സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അസദും ഭാര്യ അസ്മയും അലപ്പോ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ എത്തി ദുരന്തത്തില്‍ പരുക്കേറ്റവരെ സന്ദര്‍ശിച്ചതായി സിറിയന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു. ആഭ്യന്തരയുദ്ധത്തിനിടെ രാജ്യത്ത് മാനുഷിക സഹായം നല്‍കുന്നതിന് സിറിയന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി. യുഎന്‍, സിറിയന്‍ റെഡ് ക്രസന്റ്, ഇന്റര്‍നാഷണല്‍ റെഡ് ക്രോസ് എന്നിവയുടെ സഹായത്തോടെ സഹായം ലഭ്യമാക്കുമെന്ന് സിറിയന്‍ സ്റ്റേറ്റ് മീഡിയ റിപോര്‍ട്ട് ചെയ്തു.
തുര്‍ക്കിയിലെയും സിറിയയിലെയും വിശാലമായ അതിര്‍ത്തി പ്രദേശത്തുണ്ടായ വലിയ ഭൂകമ്പത്തെത്തുടര്‍ന്ന് അഞ്ച് ദിവസത്തോളം തകര്‍ന്ന വീടിനുള്ളില്‍ കുടുങ്ങി കിടന്ന അഞ്ചംഗ കുടുംബത്തെ ശനിയാഴ്ച തുര്‍ക്കിയിലെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. എന്നാല്‍ ദുരന്തത്തില്‍ മരണസംഖ്യ 25,000-ത്തോട് അടുക്കുകയാണ്.