ന്യൂഡല്‍ഹി: തുര്‍ക്കിയിലും സിറിയയിലുമായുണ്ടായ ഭൂകമ്പത്തിലും തുടര്‍ ചലനങ്ങളിലുമായി മരിച്ചവരുടെ എണ്ണം 33,000 കവിഞ്ഞതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ദുരന്തമുണ്ടായിട്ട് ഒരാഴ്ച പിന്നിടുമ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ജീവനോടെ ആളുകളെ ഇനി കണ്ടെത്തുകയെന്നതു പ്രയാസമുള്ള കാര്യമാണെന്നാണു ലഭിക്കുന്ന വിവരം. 1939-നു ശേഷം തുര്‍ക്കി കണ്ട ഏറ്റവും വലിയ ഭൂകമ്പമായിരുന്നു കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായത്.
ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ നഗരങ്ങളിലൊന്നാണ് തെക്കൻ തുർക്കിയിലെ അന്റക്യ. കെട്ടിടങ്ങള്‍ എല്ലാം തകര്‍ന്ന സാഹചര്യത്തില്‍ പ്രദേശത്ത് കൊള്ളക്കാരുടെ ശല്യം രൂക്ഷമാണ്. ഇത് തടയുന്നതിനായി പല വ്യാപാരികളും വില്‍പ്പ വസ്തുക്കള്‍ കടകളില്‍നിന്നു മാറ്റുകയാണ്.
മറ്റ് നഗരങ്ങളില്‍നിന്ന് എത്തിയവരാണ് കൊള്ളയടിക്കുന്നവരില്‍ പ്രധാനികള്‍. തകര്‍ന്ന വീടുകളില്‍ പോലും മോഷണങ്ങള്‍ നടക്കുന്നതായാണു വിവരം. കൊള്ളക്കാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നാണു പ്രസിഡന്റ് തയ്യിപ് എർദോഗൻ പറയുന്നത്.
രണ്ടു പതിറ്റാണ്ടായി അധികാരത്തില്‍ തുടരുന്ന തയ്യിപ്പിനു മുന്നില്‍ വലിയ വെല്ലുവിളിയാണു ഭൂകമ്പം. അടുത്ത് തന്നെ തിരഞ്ഞെടുപ്പും വരാനിരിക്കെ ഇടപെടലുകള്‍ അദ്ദേഹത്തിന് നിര്‍ണായകമാണ്.
സിറിയയിൽ, വിമതരുടെ നിയന്ത്രണത്തിലുള്ള വടക്കുപടിഞ്ഞാറൻ ഭാഗത്താണ് ഭൂകമ്പം ഏറ്റവും കൂടുതൽ ബാധിച്ചത്. ആഭ്യന്തരയുദ്ധം മൂലം പലായനം ചെയ്ത പലരും വീണ്ടും ഭവനരഹിതരായി. സര്‍ക്കാര്‍ അധീനതയിലുള്ള മേഖലയിലാണു കൂടുതല്‍ സഹായങ്ങള്‍ ലഭിക്കുന്നത്.
വടക്കുപടിഞ്ഞാറൻ സിറിയയിലെ ജനങ്ങള്‍ക്കു സഹായമെത്തിക്കാന്‍ ഒരു തവണ മാത്രമേ സാധിച്ചുള്ളൂവെന്ന് ഐക്യരാഷ്ട്ര സഭ എയ്ഡ് ചീഫ് മാർട്ടിൻ ഗ്രിഫിത്ത്സ് ട്വീറ്റ് ചെയ്തു.
ഭൂകമ്പം സംഭവിച്ചിട്ട് ഒരാഴ്ചയാകുമ്പോഴും ജീവിതത്തിനായി പോരാടുന്നവരെ കോണ്‍ക്രീറ്റ് കൂനകള്‍ക്കിടയില്‍ നിന്ന് കണ്ടെത്താന്‍ സാധിക്കുന്നുണ്ട്. അന്റക്യയിലെ അവശിഷ്ടങ്ങൾക്കിടയിൽ 156 മണിക്കൂർ അതിജീവിച്ച അൻപത്തി നാലുകാരനായ മാലിക് മിലാൻഡിയെ ചൈനീസ് രക്ഷാപ്രവർത്തകരും തുർക്കി അഗ്നിശമന സേനാംഗങ്ങളും ചേർന്ന് രക്ഷിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഞായറാഴ്ച രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തിയവരില്‍ അച്ഛനും മകളും ഒരു കൊച്ചുകുട്ടിയും 10 വയസുള്ള പെൺകുട്ടിയും ഉൾപ്പെടുന്നു.