scorecardresearch
Latest News

തുര്‍ക്കി-സിറിയ ഭൂകമ്പം: രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി കാലാവസ്ഥ; മരണസംഖ്യ 20,000 കവിഞ്ഞു

ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമായ തുർക്കിയിലെ കഹ്‌റാമൻമാരസിലെ ഏകദേശം 40 ശതമാനം കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി തുർക്കിയിലെ ബൊഗാസിസി സർവകലാശാലയുടെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു

Turkey Earthquake, Death toll

തുര്‍ക്കിയിലും സിറിയയിലുമായി ഉണ്ടായ അതിതീവ്ര ഭൂകമ്പത്തില്‍ മരണസംഖ്യ 20,000 കവിഞ്ഞതായി അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. പ്രതികൂല കാലവസ്ഥ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കുകയാണ്.

79 മണിക്കൂറുകള്‍ക്ക് ശേഷം രണ്ട് വയസുകാരനെ തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ നിന്ന് രക്ഷിച്ചത് എല്ലാവര്‍ക്കും പ്രതീക്ഷ നല്‍കിയെങ്കിലും കൂടുതല്‍ പേരെ ഇനിയും കണ്ടെത്താനാകുമൊ എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുകയാണ്.

1999-ൽ വടക്കുപടിഞ്ഞാറൻ തുർക്കിയിൽ ശക്തമായ ഭൂകമ്പമുണ്ടായപ്പോൾ മരണനിരക്ക് 17,000 ആയിരുന്നു.

മേയ് 14-ന് നിശ്ചയിച്ചിരിക്കുന്ന തിരഞ്ഞെടുപ്പ് നടത്തുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമായിരിക്കുമെന്ന് തുര്‍ക്കിയിലെ ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. പ്രസിഡന്റ് തയ്യിബ് എർദോഗൻ തിരഞ്ഞെടുപ്പില്‍ നേരിടുക കഠിനമായ വെല്ലുവിളി ആയിരിക്കുമെന്നാണ് വിലയിരുത്തല്‍.

സഹായം എത്തിക്കുന്നതിലും രക്ഷാപ്രവര്‍ത്തനത്തിനും ഉണ്ടാകുന്ന കാലതാമസം ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാകുന്നുണ്ട്. ഇത് തിരിച്ചയായും വോട്ടെടുപ്പിനെ ബാധിക്കുകയും ചെയ്യും.

ഭൂകമ്പത്തെ തുടര്‍ന്ന് അതിശൈത്യത്തില്‍ പതിനായിരക്കണക്കിന് ആളുകള്‍ക്കാണ് വീട് നഷ്ടമായത്. സൂപ്പര്‍ മാര്‍ക്കറ്റിലും കാര്‍ പാര്‍ക്കങ്ങിലും പള്ളികളിലുമൊക്കെയാണ് ബാധിക്കപ്പെട്ടവര്‍ അഭയം തേടുന്നത്.

ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമായ തുർക്കിയിലെ കഹ്‌റാമൻമാരസിലെ ഏകദേശം 40 ശതമാനം കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി തുർക്കിയിലെ ബൊഗാസിസി സർവകലാശാലയുടെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.

തിങ്കളാഴ്ചയുണ്ടായ ആദ്യ ഭൂചലനത്തിന്റെ തീവ്രത 7.8 ആയിരുന്നു. പിന്നാലെ 7.6, 6 എന്നീ തീവ്രതകളിലും ഭൂചലനം സംഭവിച്ചതോടെ ആയിരക്കണക്കിന് കെട്ടിടങ്ങളാണ് പൂര്‍ണമായും തകര്‍ന്നടിഞ്ഞത്. ആശുപത്രികള്‍, സ്കൂളുകള്‍, ഫ്ലാറ്റുകള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Turkey syria earthquake death toll passes 20000