ന്യൂഡല്‍ഹി: തുര്‍ക്കിയിലുണ്ടായ ഭൂകമ്പത്തില്‍ മരണസംഖ്യ ഉയരുന്നു. 7.8, 7.6, 6 എന്നീ തീവ്രതകളിലായുണ്ടായ മൂന്ന് ഭൂചലനങ്ങളില്‍ തുര്‍ക്കിയിലും സിറിയയിലുമായി ആകെ മരണസംഖ്യ 5102 ആയതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
തുര്‍ക്കിയില്‍ മാത്രം 2316 പേര്‍ മരിച്ചതായും 13,000 പേര്‍ക്ക് പരുക്കേറ്റതുമായാണ് ഔദ്യോഗിക വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. ഇന്നും തുര്‍ക്കിയില്‍ ഭൂചലനമുണ്ടായത് ആശങ്ക വര്‍ധിപ്പിക്കുകയാണ്. 5.6 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
തുര്‍ക്കിയുടെ ചരിത്രത്തിലെ രണ്ടാമത്തെ വലിയ ഭൂകമ്പ ദുരന്തമാണിത്. 1999-ല്‍ ഉണ്ടായ ഭൂകമ്പത്തില്‍ 17,000-ലധികം പേരാണ് മരണപ്പെട്ടത്. സിറിയയിലും മരണസംഖ്യ ഉയരുകയാണ്. ലഭിക്കുന്ന കണക്കുകള്‍ പ്രകാരം ഇതിനോടകം തന്നെ 1,444 പേര്‍ക്ക് ജീവന്‍ നഷ്ടമായി. പരുക്കേറ്റവരുടെ സംഖ്യ 3,500 കവിഞ്ഞിട്ടുണ്ട്.
മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ തുര്‍ക്കിയുടെ തെക്കന്‍ മേഖലകളിലെ റോഡുകളെല്ലാം തകര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റ് കണക്ഷനും പല മേഖലകളിലും ലഭ്യമാകുന്നില്ല.
പ്രതികൂലമായ കാലാവസ്ഥയിലും കഴിയാവുന്ന എല്ലാ കാര്യങ്ങളും ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്ന് തുര്‍ക്ക് പ്രസിഡന്റ് തയിപ് എര്‍ദോഗന്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും തിരച്ചിലുകള്‍ക്കുമായി 45 രാജ്യങ്ങള്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയില്‍ നിന്നുള്ള ആദ്യ എന്‍ഡിആര്‍എഫ് സംഘം തുര്‍ക്കിയിലേക്ക് തിരിച്ചു. എന്‍ഡിആര്‍എഫ് സെര്‍ച്ച് ആന്‍ഡ് റെസ്ക്യു ടീം, പ്രത്യേകമായി പരിശീലിപ്പിച്ച നായകള്‍, മരുന്നുകള്‍, തിരച്ചിലിനാവശ്യമായ ഉപകരണങ്ങള്‍ എന്നിവയാണ് ഇന്ന് പുലര്‍ച്ചെ പുറപ്പെട്ട സംഘത്തിലുള്ളത്.
സിറിയയിലേക്ക് അടിയന്തര സഹായം എത്തിക്കാമെന്ന ഉറപ്പ് നല്‍കിയിരിക്കുകയാണ് റഷ്യ. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ ആസാദിനെ ഫോണില്‍ വിളിച്ചാണ് പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ സഹായ വാഗ്ദാനം നല്‍കിയത്. 300 പേരടങ്ങുന്ന 10 യൂണിറ്റ് സൈന്യത്തെ ഇതിനോടകം തന്നെ രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചിട്ടുണ്ട്.
തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പത്തിൽ ഉണ്ടായ ജീവഹാനിയിലും നാശനഷ്ടങ്ങളിലും അതീവ ദുഖമുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. തുർക്കിയിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരാനും ആവശ്യമായ എല്ലാ സഹായങ്ങളും നൽകാനും ഞാൻ എന്റെ ടീമിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.