scorecardresearch
Latest News

ഇത് ലോക റെക്കോർഡ്! ‘ചൂര’ മീൻ ഒരെണ്ണം വിറ്റുപോയത് 21 കോടിക്ക്

ഈ വർഷത്തെ ആദ്യ ലേലത്തിൽ ആദ്യത്തെ മീനിനെ സ്വന്തമാക്കാൻ ഹോട്ടലുടമകൾ തമ്മിലുളള മത്സരമായിരുന്നു

ഇത് ലോക റെക്കോർഡ്! ‘ചൂര’ മീൻ ഒരെണ്ണം വിറ്റുപോയത് 21 കോടിക്ക്

ടോക്കിയോ: മനുഷ്യരുടെ ആഹാരവിഭവങ്ങളിൽ ലോകത്തെമ്പാടും ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്നത് മത്സ്യങ്ങളാണ്. കടൽ മത്സ്യങ്ങളുടെ കമ്പോളം അത്രയേറെ പരന്നുകിടക്കുന്നതുമാണ്. രുചിയും ലഭ്യതയും മാത്രമല്ല, വിലയും മത്സ്യങ്ങളെ ജനകീയമായ മത്സ്യവിഭവമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. എന്നാൽ വിലയേറിയ വമ്പൻ മത്സ്യങ്ങൾ ഇക്കൂട്ടത്തിൽ ഇല്ലെന്നല്ല.

മലയാളിക്ക് ബിരിയാണി എന്ന പോലെ ജപ്പാനിൽ ജനങ്ങൾക്കിടയിൽ ഏറ്റവും പ്രചാരമേറിയ വിഭവമാണ് സുഷി. ജപ്പാനിൽ വിവിധയിനം സുഷി വിഭവങ്ങൾ വിൽക്കുന്ന നിരവധി ഭക്ഷണശാലകളുണ്ട്. അതിലൊരു ചെയിൻ റെസ്റ്റോറന്റിന്റെ ഉടമ ഒരു ലോക റെക്കോഡ് കുറിച്ച്. 278 കിലോഗ്രാം തൂക്കം വരുന്ന ബ്ലൂ ഫിൻ ട്യൂണയെ അദ്ദേഹം വാങ്ങിയത് 333.6 മില്യൺ യെൻ ചിലവഴിച്ചാണ്.

അമേരിക്കയിൽ 3.1 മില്യൺ ഡോളർ വരും ഈ തുക. ഇന്ത്യൻ രൂപയിലാണെങ്കിൽ 21.3 കോടി! ഈ വാർത്ത കേട്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് ലോകം. സുഷിസാൻമോയി ചെയിൻ റെസ്റ്റോറന്റ് ഉടമ, കിയോഷി കുമാറയാണ് ഈ റെക്കോഡ് കുറിച്ചത്. ആറ് വർഷം മുൻപ് മറ്റൊരു ട്യൂണയ്ക്ക് മുടക്കിയതിന്റെ ഇരട്ടിത്തുകയാണ് കിയോഷി ഇക്കുറി മുടക്കിയത്.

എല്ലാ വർഷത്തെയും ആദ്യത്തെ ദിവസത്തെ ആദ്യ മത്സ്യലേലം ടോക്കിയോയിലെ പ്രധാന മത്സ്യവിപണന ചന്തയിൽ ഒരു മത്സരമാണ്. സാധാരണ സുകിജി മാർക്കറ്റിലാണ് ഈ ലേലം നടക്കാറുളളത്. എന്നാൽ ഈ മാർക്കറ്റ് 2020 ലെ ഒളിപിക്സിന്റെ പാർക്കിങ് ഗ്രൗണ്ടായി നിശ്ചയിച്ചതോടെ ലേലം താത്കാലികമായി തൊയോസു മാർക്കറ്റിലായി. ആദ്യത്തെ മീനിനെ സ്വന്തമാക്കാൻ ഹോട്ടലുടമകൾ തമ്മിൽ വൻ മത്സരമാണ് ഈ ലേലത്തിൽ കാഴ്ചവയ്ക്കാറുളളത്. അത്തരത്തിൽ മത്സരത്തിനെത്തുന്ന ഒന്നാമത്തെ മീനിനെ പിടിച്ചയാൾ ഈ ഒരൊറ്റ ലേലത്തിലൂടെ ലക്ഷപ്രഭുവോ, കോടീശ്വരനോ ആയി മാറും.

ജപ്പാനിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന മത്സ്യങ്ങളിലൊന്നാണ് ബ്ലൂഫിൻ ട്യൂണ. ഇക്കുറി ലേലത്തിനെത്തിയത് 278 കിലോ തൂക്കം വന്ന മീനായിരുന്നു. വടക്കൻ തീരത്ത് നിന്നാണ് ഈ 278 കിലോ തൂക്കം വരുന്ന മീനിനെ മത്സ്യത്തൊഴിലാളികൾ പിടിച്ച് കരയ്ക്ക് എത്തിച്ചത്. പിടിച്ച ഉടൻ കരയ്ക്ക് എത്തിച്ചതിനാൽ തന്നെ ഹോട്ടലുടമകൾ ഒന്നടങ്കം മീനിനെ സ്വന്തമാക്കാൻ രംഗത്തെത്തി.

കിയോഷിയാണ് 2012 മുതൽ 2017 വരെ തുടർച്ചയായ ആറ് വർഷം ഈ വിപണിയിൽ ആദ്യ മീനിനെ റെക്കോഡ് തുകയ്ക്ക് സ്വന്തമാക്കിയത്. എന്നാൽ 2017 ൽ അദ്ദേഹത്തിന് ഈ നേട്ടം കൈവരിക്കാനായില്ല. ഇക്കുറി അരയും തലയും മുറുക്കിയെത്തിയ കിയോഷി താൻ തന്നെ 2013 ൽ കുറിച്ച ലോക റെക്കോഡ് തിരുത്തിയെഴുതി.

മീനിനെ റെക്കോഡ് തുകയ്ക്ക് സ്വന്തമാക്കിയെങ്കിലും അത്ര സന്തോഷത്തോടെയല്ല കിയോഷി ചന്ത വിട്ടത്. “30 മില്യൺ യെൻ മുതൽ 60 മില്യൺ യെൻ വരെ മുടക്കേണ്ടി വരുമെന്നാണ് ഞാൻ കരുതിയത്. എന്നാൽ പ്രതീക്ഷതിന്റെ അഞ്ച് മടങ്ങിലേറെ അധികം തുക ചിലവഴിക്കേണ്ടി വന്നു,” എന്നായിരുന്നു അദ്ദേഹം ലേലത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞത്.

കിയോഷിയുടെ ഉടമസ്ഥതയിൽ സുകിജി മാർക്കറ്റിൽ പ്രവർത്തിക്കുന്ന റെസ്റ്റോറന്റിലേക്കാണ് ഈ മീൻ ലേലത്തിന് ശേഷം പോയത്. ജാപ്പനീസ് വിഭവങ്ങളായ സുഷി, സാഷിമി എന്നിവയിൽ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്നത് ട്യൂണയാണ്. അതിനാൽ തന്നെ ജപ്പാനിലെ ജനങ്ങളുടെ ഇഷ്ടമത്സ്യമാണ് ട്യൂണ.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Tuna sells for record 3 mln in auction at tokyos new fish market