ന്യൂദല്‍ഹി: നോട്ട് നിരോധന വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി ബി.ജെ.പിയുടെ മുന്‍നേതാവും ധനമന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹ. ഡല്‍ഹി സുല്‍ത്താനായിരുന്ന മുഹമ്മദ് ബിന്‍ തുഗ്ലക്ക് 700 വര്‍ഷം മുന്‍പ് നോട്ട് നിരോധം നടപ്പാക്കിയിരുന്നുവെന്ന് യശ്വന്ത് സിന്‍ഹ പരിഹസിച്ചു.

നിരവധി ഭരണാധികാരികള്‍ സ്വന്തം മുഖം അച്ചടിച്ച് കറന്‍സികള്‍ ഇറക്കിയിട്ടുണ്ട്. പുതിയവ അച്ചടിക്കുമ്പോള്‍ ഇവര്‍ പഴയവ നിലനിര്‍ത്തുകയും ചെയ്യും. എന്നാല്‍ 700 വര്‍ഷം മുന്‍പ് മുഹമ്മദ് ബിന്‍ തുഗ്ലക്ക് പഴയ കറന്‍സികള്‍ നിര്‍ത്തലാക്കിക്കൊണ്ടാണ് പുതിയ കറന്‍സി പുറത്തിറക്കിയത്. അതായത് നോട്ട് നിരോധം 700 വര്‍ഷം മുന്‍പ് നടപ്പാക്കിയ ഒരു പദ്ധതിയാണ്. ഇതേ തുഗ്ലക്ക് അപ്രായോഗിക തീരുമാനങ്ങളെടുക്കുന്ന കാര്യത്തില്‍ കുപ്രസിദ്ധനായിരുന്നുവെന്നും യശ്വന്ത് സിന്‍ഹ വിശദീകരിച്ചു.

ഡല്‍ഹിയില്‍ നിന്നും മഹാരാഷ്ട്രയിലെ ഡൗലത്താബാദിലേക്ക് തലസ്ഥാനം മാറ്റിക്കൊണ്ട് അദ്ദേഹം കുപ്രസിദ്ധനാവുകയും ചെയ്തു. 14-ാം നൂറ്റാണ്ടില്‍ വളരെ ചുരുങ്ങിയ കാലമാണ് തുഗ്ലക്ക് ദല്‍ഹി സുല്‍ത്താനായി ഉണ്ടായിരുന്നതെന്നും സിന്‍ഹ ഓര്‍മ്മിപ്പിക്കുന്നു.

3.75ലക്ഷം കോടിരൂപയുടെ സമ്പാദ്യത്തെ നോട്ട് നിരോധന തീരുമാനം ഒന്നുമല്ലാതാക്കിയെന്നും യശ്വന്ത് സിന്‍ഹ പറയുന്നു. രാജ്യത്ത് ഇന്ന് നിലവിലുള്ള ഏറ്റവും വലിയ പ്രശ്‌നം തൊഴിലില്ലായ്മാണ്. ഇന്നത്തെ ഈ പ്രത്യേക സാഹചര്യത്തില്‍ സാമ്പത്തികരംഗം ഉലഞ്ഞുപോകാതിരിക്കാന്‍ എത്രയും പെട്ടെന്ന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും സിന്‍ഹ ആവശ്യപ്പെട്ടു.

1,28,000 കോടി രൂപയാണ് നോട്ട് നിരോധനത്തിന് ശേഷം പുതിയ നോട്ടുകള്‍ പ്രിന്റ് ചെയ്യാനായി ചെലവഴിച്ചത്. നോട്ട് നിരോധം മൂലം സാമ്പത്തികനില 1.5 ശതമാനം മന്ദഗതിയിലാണ്. സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ഇടപെടേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook