ചെന്നൈ: അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയെ ആശുപത്രിയിൽ എത്തിക്കുമ്പോൾ ശ്വാസമില്ലാത്ത അവസ്ഥയിൽ ആയിരുന്നുവെന്ന വാദം പൊളിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ടിടിവി ദിനകരന്‍ വിഭാഗമാണ് വിഡിയോ പുറത്തുവിട്ടത്.

ജയലളിത പൂര്‍ണ ബോധാവസ്ഥയില്‍ കിടക്കയില്‍ ഇരുന്ന് വെളളം കുടിക്കുന്നതിന്റെ വിഡിയോ ആണ് പുറത്തായത്. ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെയാണ് ദിനകരന്‍ വിഭാഗം വിഡിയോ പുറത്തുവിട്ടത്. ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ നിറഞ്ഞുനിന്ന ദുരൂഹതയ്ക്ക് ദിനകരനും ശശികലയും പഴി കേട്ടിരുന്നു. ഇതിനെ ഖണ്ഡിക്കാനാണ് വിഡിയോ പുറത്തുവിട്ടതെന്നാണ് കരുതുന്നത്.

ഒരു വർഷത്തിനു ശേഷവും ജയയുടെ അസുഖവും ചികിത്സയും മരണവും ദുരൂഹമായി തുടരുന്നതിനിടെയാണ് അപ്പോളോ ആശുപത്രി അധികൃതര്‍ കഴിഞ്ഞയാഴ്ച രംഗത്തെത്തിയിരുന്നു. അണ്ണാ ഡിഎംകെയുടെ നേതാവായ ജയലളിത 75 ദിവസമാണ് അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞത്. 2016 ഡിസംബർ അഞ്ചിന് ജയയുടെ മൃതദേഹമാണ് പിന്നീട് പുറംലോകം കണ്ടത്.

ശ്വാസമറ്റ നിലയിൽ അർധബോധാവസ്ഥയിലാണ് ജയയെ ആശുപത്രിയിൽ എത്തിച്ചതെന്നാണ് ആശുപത്രി അധ്യക്ഷ പ്രീതി റെഡ്ഢി പറഞ്ഞത്. അണ്ണാ ഡിഎംകെ സ്ഥാനാർഥികൾ വിരലടയാളം എടുക്കുമ്പോൾ ജയലളിത ബോധവതിയായിരുന്നോ എന്ന ചോദ്യത്തിന്, ആ സമയത്ത് താനവിടെ ഇല്ലായിരുന്നു എന്നായിരുന്നു പ്രീതിയുടെ മറുപടി. ജയലളിതയുടെ മരണത്തെപ്പറ്റി അന്വേഷിക്കാൻ റിട്ട. ജഡ്ജി ജസ്റ്റിസ് എ.അറുമുഖസ്വാമിയുടെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മിഷനെ സർക്കാർ നിയമിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ