ചെന്നൈ: തമിഴ്നാട്ടിൽ ഭരണകക്ഷിയായ അണ്ണാ ഡിഎംകെ അമ്മ വിഭാഗത്തിന്റെ ഡപ്യൂട്ടി ജനറൽ സെക്രട്ടറിയായി ടിടിവി ദിനകരൻ ഇന്ന് വീണ്ടും ചുമതലയേൽക്കും. പാർട്ടിയിൽ തന്റെ ആധിപത്യം ശക്തമാക്കാൻ അനുയായികളായ പ്രമുഖർക്ക് വേണ്ടി 44 പുതിയ തസ്തികകൾ ദിനകരൻ സൃഷ്ടിച്ചിരുന്നു.

ഇതിൽ 18 പേർ ഓർഗനൈസിംഗ് സെക്രട്ടറിമാരാണ്. നേരത്തേ മണ്ണാർഗുഡി കുടുംബവുമായുള്ള ബന്ധത്തിന്റെ പേരിൽ മാത്രം മന്ത്രിസ്ഥാനം നഷ്ടപ്പെട്ട സെന്തിൽ ബാലാജിയടക്കം നിരവധി പേർക്ക് സ്ഥാനമാനങ്ങൾ ലഭിച്ചു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ താൻ മാറി നിന്നിട്ടും ഒ.പനീർശെൽവം പക്ഷം പാർട്ടിയിൽ ലയിക്കാത്ത സാഹചര്യത്തിലാണ് താൻ തിരികെ പ്രവേശിക്കുന്നതെന്ന് കഴിഞ്ഞ ദിവസം ദിനകരൻ വ്യക്തമാക്കിയിരുന്നു.

ഇതിനോടനുബന്ധിച്ച് ഒക്ടോബറിനുള്ളിൽ ഒരു നല്ല വാർത്ത പ്രതീക്ഷിക്കാമെന്ന് ദിനകരൻ പറഞ്ഞിരുന്നു. പാർട്ടിയെ ഒന്നിപ്പിക്കാനാണ് തന്റെ ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം എംജിആർ ശതാബ്ദി ആഘോഷങ്ങൾക്ക് എടപ്പാടി പളനിസ്വാമി സംസ്ഥാനത്തൊട്ടാകെ വലിയ പ്രചാരണത്തോടെ നേതൃത്വം നൽകുമ്പോൾ സംസ്ഥാന പര്യടനം നടത്തി നേതൃപദവിയിൽ സ്വാധീനം നേടാനുള്ള ശ്രമത്തിലാണ് ദിനകരൻ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ