ചെന്നൈ: ആർകെ നഗറിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയം ഉറപ്പാക്കിയ ടിടിവി ദിനകരൻ തമിഴ്നാട്ടിലെ അണ്ണാ ഡിഎംകെ സർക്കാരിനെ താഴെയിറക്കുമെന്ന് പ്രഖ്യാപിച്ചു. മൂന്ന് മാസത്തിനുള്ളിൽ എടപ്പാടി പളനിസ്വാമി-ഒ.പനീർശെൽവം സർക്കാരിനെ താഴെയിറക്കുമെന്നാണ് ദിനകരന്റെ പ്രഖ്യാപനം.
“ചിഹ്നവും പാര്‍ട്ടിയുമല്ല, ജനങ്ങളാണ് തിരഞ്ഞെടുപ്പില്‍ പ്രധാനം. തമിഴ്നാട് സര്‍ക്കാരിനെതിരായ ജനവിധിയാണ് ആര്.കെ നഗറിലേത്. മൂന്ന് മാസത്തിനുള്ളില്‍ എടപ്പാടി കെ.പളനിസാമി-ഒ.പനീര്‍ശെല്‍വം മന്ത്രിസഭ താഴെ വീഴും. തമിഴ്നാട്ടിലെ ജനങ്ങളുടെ മനസ്സാണ് ജനവിധിയില്‍ നിന്നും വ്യക്തമാവുന്നത്”, ടി.ടി.വി ദിനകരന് മാധ്യമങ്ങളോട് പറഞ്ഞു.
ആർകെ നഗറിൽ ദിനകരൻ തന്റെ ലീഡ് 30000 ലേക്ക് ഉയർത്തിയിട്ടുണ്ട്. അണ്ണാ ഡിഎംകെ സ്ഥാനാർത്ഥി ഇ.മധുസൂധനനാണ് രണ്ടാം സ്ഥാനത്ത്. ഡിഎംകെ സ്ഥാനാർത്ഥിക്ക് പ്രതീക്ഷിച്ച നിലയിൽ ആർകെ നഗറിൽ വോട്ട് നേടാൻ സാധിച്ചില്ല. വിജയം ടി.ടി.വിക്കൊപ്പമാണെന്ന് കണ്ടതോടെ വോട്ടെണ്ണൽ സ്ഥലത്ത് സംഘര്‍ഷമുണ്ടാക്കാന്‍ അണ്ണാ ഡിഎംകെ പ്രവർത്തകർ ശ്രമം നടത്തിയിരുന്നു. ഇത് ഏറെ നേരം വോട്ടെണ്ണൽ തടസപ്പെടുത്തി.