ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ ഭാവി അറിയാൻ ഇന്നു നിയസഭയിൽ നടത്തുന്ന വിശ്വാസവോട്ടെടുപ്പിൽ മുഖ്യമന്ത്രി പളനിസാമി പക്ഷത്തു നിന്നും രണ്ട് എംഎൽഎമാർ കൂടി കൂറുമാറി. കോയമ്പത്തൂർ നോർത്ത് എംഎൽഎ പി.ആർ.ജി.അരുൺകുമാർ, കാങ്കായം എംഎൽഎ തനിയരശു എന്നിവരാണ് കൂവത്തൂരിലെ റിസോർട്ട് വിട്ട് പുറത്തെത്തിയത്. പളനിസാമിക്ക് വോട്ട് ചെയ്യില്ലെന്ന് അറിയിച്ച അരുൺകുമാർ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിൽക്കുമെന്ന് അറിയിച്ചു. പളനിസാമിക്ക് വോട്ട് ചെയ്യില്ലെന്ന് തനിയരശും പറഞ്ഞു.

234 അംഗങ്ങൾ ഉൾപ്പെടുന്ന നിയമസഭയിൽ 117 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 122 എംഎൽഎമാരുടെ പിന്തുണയാണ് അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി ശശികലയുടെ വിശ്വസ്‌തനായ പളനിസാമിക്ക് ഇപ്പോൾ ഉളളത്.

ഇന്നലെയും നാടകീയമായി ഒരു എംഎൽഎ കൂടി വിശ്വാസവോട്ടിനെ എതിർക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇതോടെ പനീർസെൽവം പക്ഷത്ത് 11 എംഎൽഎമാരായി. എന്നാൽ ഇനിയും 8 പേർ കൂടി ഒപ്പമെത്തിയാലേ പനീർസെൽവത്തിന് പ്രതീക്ഷയ്‌ക്ക് വകയുണ്ടാകൂ.

ഇതിനിടെ എടപ്പാടി പളനിസാമിക്ക് വോട്ട് ചെയ്യില്ലെന്ന് അറിയിച്ച് പ്രതിപക്ഷ പാര്‍ട്ടികളായ ഡിഎംകെയും കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. 89 എംഎല്‍എമാരും പങ്കെടുത്ത യോഗത്തിലാണ് എടപ്പാടിക്ക് എതിരായി വോട്ട് ചെയ്യണമെന്ന് ഡിഎംകെ നേതാവ് സ്റ്റാലിന്‍ അറിയിച്ചത്. കോണ്‍ഗ്രസിന്റെ എട്ട് എംഎല്‍മാരോടും നാളെ നിയമസഭയില്‍ ഹാജരായി എടപ്പാടിക്ക് എതിരെ വോട്ട് ചെയ്യണമെന്ന് അറിയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ