ബംഗളൂരു: വിശ്വാസ വോട്ടെടുപ്പിന് ബിജെപി മുറവിളി കൂട്ടുന്ന കര്‍ണാടക നിയമസഭയില്‍ വെളളിയാഴ്ച്ചയും പ്രക്ഷുബ്ധ ദിനമായിരുന്നു. ഇന്നലെ ആറുമണിക്കു മുന്‍പ് വോട്ടെടുപ്പ് നടത്തണമെന്ന ഗവർണർ വാജുഭായ് വാലയുടെ രണ്ടാമത്തെ അന്ത്യശാസനവും സ്പീക്കർ തള്ളി. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്കുള്ളിൽ സഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്ന് വ്യാഴാഴ്ച ഗവർണർ ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ വഴങ്ങിയില്ല. തുടർന്ന് ഇന്നലെ വൈകുന്നേരം ആറിനു മുമ്പ് ഭൂരിപക്ഷം തെളിയിക്കണമെന്നു ഗവർണർ അന്ത്യശാസനം നല്‍കിയെങ്കിലും അതും സ്പീക്കർ തള്ളുകയായിരുന്നു.
ഗവർണർ ആദ്യം നിശ്ചയിച്ച സമയം അടുക്കാറായപ്പോൾ വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ബിജെപി അംഗങ്ങൾ ബഹളമുണ്ടാക്കി. തുടർന്ന് ഉച്ചകഴിഞ്ഞ് മൂന്നു വരെ സഭ നിർത്തിവച്ചു. വൈകുന്നേരം ആറിനകം ഭൂരിപക്ഷം തെളിയിക്കണമെന്നാവശ്യപ്പെട്ട് ഗവർണർ രണ്ടാമത് സന്ദേശം നല്കിയപ്പോൾ, രണ്ടാമത്തെ പ്രണയലേഖനം കിട്ടിയെന്നും ഗവർണർക്ക് ജ്ഞാനോദയം ലഭിച്ചെന്നുമായിരുന്നു കുമാരസ്വാമി വിശേഷിപ്പിച്ചത്. കുതിരക്കച്ചവടം സംബന്ധിച്ച് തനിക്ക് നിരവധി പരാതികൾ ലഭിച്ചെന്നും ഇതൊഴിവാക്കാൻ എത്രയും വേഗം വോട്ടെടുപ്പ് നടത്തണമെന്നും ഗവർണർ സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു. വളരെ രസകരവും രാഷ്ട്രീയ പ്രാധാന്യവും ഉളള ചില വാദപ്രതിവാദങ്ങള്‍ക്കാണ് ഇന്നലെ സഭ സാക്ഷ്യം വഹിച്ചത്.
*ശിവലിംഗ ഗൗഡ (ജെ.ഡി.എസ് എംഎല്‍എ): ‘എംഎല്‍എ ശ്രീമന്ത് പാട്ടീലിനെ തട്ടിക്കൊണ്ടു പോയ വാര്‍ത്ത എന്റെ ഭാര്യ അറിഞ്ഞിരുന്നു. എന്നേയും തട്ടിക്കൊണ്ടു പോകുമോ എന്നാണ് ഭാര്യ എന്നോട് ചോദിച്ചത്. ശ്രീമന്ത് പാട്ടീലിന്റെ ഹൃദയം ‘ജും ജും’ എന്ന് മിടിച്ചപ്പോള്‍ അടുത്ത ആശുപത്രിയിലൊന്നും പോകാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ലെ? ആംബുലന്‍സില്‍ അദ്ദേഹത്തെ പോസ് ചെയ്യിച്ച് ചിത്രം എടുക്കുമ്പോള്‍ ആ പാവപ്പെട്ടവന്റെ കണ്ണട ഊരിമാറ്റാന്‍ മറന്ന് പോയി’
* ലക്ഷ്മി ഹെബ്ബാല്ക്കര് (കോണ്‍ഗ്രസ് എംഎല്‍എ): ‘പാട്ടീലിനോട് കോഫിയാണോ ചായയാണോ വേണ്ടതെന്ന് ഞാന്‍ ചോദിച്ചു. ബജ്ജി മതി എന്നാണ് അദ്ദേഹം പറഞ്ഞത്. ഞങ്ങള്‍ എല്ലാവരും ചായയും കാപ്പിയും കഴിച്ചു. സോസ് കൂട്ടി ബജ്ജിയും കഴിച്ചു. 15 മിനുട്ട് കഴിഞ്ഞ് മുഖ്യമന്ത്രി ഞങ്ങളെ കാണാനെത്തിയപ്പോള്‍ പാട്ടീല്‍ അപ്രത്യക്ഷനായി’
* ഡി.കെ ശിവകുമാര്‍ (കോണ്‍ഗ്രസ്): ‘നെഞ്ചു വേദന വന്നപ്പോള്‍ ശ്രീമന്ത് പാട്ടീലിന് ചെന്നൈയിലെ ആശുപത്രി ഒന്നും കണ്ടില്ലെ? ഹൃദയവേദനക്ക് അദ്ദേഹം നേരേ പറന്നത് മുംബൈയിലേക്കായിരുന്നു.’
* നഞ്ചെഗൗഡ (കോണ്‍ഗ്രസ്): ‘എന്റെ പേരക്കുട്ടി എന്നെ വിളിച്ച് ഞാന്‍ എവിടെയാണ് ഉളളതെന്ന് ചോദിച്ചു. പുറത്താണ് ഉളളതെന്ന് ഞാന്‍ പറഞ്ഞു. വേഗം വരുമെന്നും പറഞ്ഞു. അപ്പോഴാണ് അവന് ചോദിച്ചത് എംഎല്‍എമാരെയൊക്കെ അവിടെ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നുണ്ടോ എന്ന്. ഞാന്‍ ഞെട്ടിപ്പോയി. വെറും അഞ്ചര വയസാണ് അവന്റെ പ്രായം. എവിടെയാണ് നമ്മുടെ അവസ്ഥ എത്തിയതെന്ന് നോക്കു’
* എച്ച്.ഡി കുമാരസ്വാമി (മുഖ്യമന്ത്രി): ‘ജെഡിഎസ് എംഎല്‍എ നാരങ്ങ എടുതത് നടക്കുന്നെന്നാണ് ബിജെപിയുടെ കുറ്റപ്പെടുത്തല്‍. ഹിന്ദു സംസ്കാരത്തില്‍ വിശ്വസിച്ച് നിങ്ങള്‍ അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നു. അദ്ദേഹം നാരങ്ങ എടുക്കാറുണ്ട്. എപ്പോഴും ക്ഷേത്രത്തില്‍ പോവാറുണ്ട്. പക്ഷെ അദ്ദേഹം മന്ത്രവാദം ചെയ്യുന്നെന്നാണ് നിങ്ങള്‍ പറയുന്നത്. ദുര്‍മന്ത്രവാദം കൊണ്ട് ഒരു സര്‍ക്കാരിനെ രക്ഷിക്കാന്‍ കഴിയുമെന്നാണ് നിങ്ങള്‍ പറയുന്നത്?’
*