/indian-express-malayalam/media/media_files/uploads/2018/11/tripthi-desai.jpg)
ന്യൂഡൽഹി: സർക്കാർ സുരക്ഷ നൽകിയില്ലെങ്കിലും ശബരിമലയിൽ എത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. ഏഴു സ്ത്രീകൾ വരുന്നതുകൊണ്ടാണ് പ്രത്യേക സുരക്ഷ ആവശ്യപ്പെട്ടത്. ദർശനത്തിനിടയിൽ എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദിത്തം സർക്കാരിനാണ്. തന്റെ കത്തിന് സർക്കാരിൽനിന്നും ഇതുവരെ മറുപടി കിട്ടിയില്ലെന്നും തൃപ്തി ദേശായി പറഞ്ഞു.
മണ്ഡലകാലം തുടങ്ങുന്ന വൃശ്ചികം ഒന്നിന് (നവംബർ 17) മല ചവിട്ടാനെത്തുമെന്നും ശബരിമലയിൽ എത്തുന്ന തനിക്ക് സുരക്ഷ നൽകണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമാണ് തൃപ്തി കത്തെഴുതിയത്. മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും പുറമേ കേരള ഡിജിപി ലോക്‌നാഥ് ബെഹ്റയ്ക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിക്കും പുണെ ഐജിക്കും കത്തയച്ചിരുന്നു.
എന്നാൽ തൃപ്തി ദേശായിയുടെ കത്തിന് മറുപടി നൽകേണ്ടതില്ലെന്നാണ് പൊലീസ് തീരുമാനമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തൃപ്തിക്ക് പ്രത്യേക പരിഗണന നൽകേണ്ടതില്ലെന്നും എല്ലാ തീർത്ഥാടകർക്കുമുളള സുരക്ഷ അവർക്കും നൽകിയാൽ മതിയെന്നാണ് വിലയിരുത്തൽ.
കൊച്ചിയിൽ വിമാനം ഇറങ്ങിക്കഴിഞ്ഞാൽ പിന്നീട് ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിപ്പോകുന്നത് വരെയുളള കാര്യങ്ങളിലാണ് സർക്കാരിന്റെ ഇടപെടൽ തൃപ്തി കത്തിലൂടെ ആവശ്യപ്പെട്ടത്. ഈ മാസം 16-ാം തീയതിയാണ് ഇവർ കൊച്ചിയിൽ എത്തുക. വിമാന മാർഗം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തുന്ന സംഘം ഇവിടെ നിന്ന് കാറിൽ കോട്ടയത്തേക്ക് പോകാനാണ് ആഗ്രഹിക്കുന്നത്. സുരക്ഷ ഭീഷണിയുളളതിനാൽ വാഹനം സർക്കാർ ഏർപ്പെടുത്തി നൽകണം. വാഹനങ്ങൾ വാടകയ്ക്ക് എടുത്താൽ ആക്രമിക്കപ്പെടാനുളള സാധ്യതയുണ്ടെന്ന് കത്തിൽ പറയുന്നു.
കോട്ടയത്ത് എത്തുന്ന സംഘത്തിന് ഇവിടെ താമസിക്കാൻ സർക്കാർ ഗസ്റ്റ് ഹൗസോ, ഹോട്ടൽ മുറികളോ സർക്കാർ തന്നെ ഇടപെട്ട് അനുവദിക്കണം എന്നാണ് രണ്ടാമത്തെ ആവശ്യം.
17 ന് പുലർച്ചെ അഞ്ച് മണിക്കാണ് കോട്ടയത്ത് നിന്നും പുറപ്പെട്ട് ഏഴ് മണിയോടെ സന്നിധാനത്ത് എത്തിച്ചേരാൻ സാധിക്കും വിധമാണ് യാത്ര പ്ലാൻ ചെയ്തിരിക്കുന്നത്. യാത്രയിൽ നിന്ന് പിന്മാറാൻ ഒരു തരത്തിലും ആഗ്രഹിക്കുന്നില്ലെന്ന തരത്തിലാണ് കത്ത്. ഇതിൽ ഭക്ഷണം താമസം എന്നിവയ്ക്ക് പുറമെ തങ്ങൾക്ക് ശക്തമായ പൊലീസ് കാവൽ വേണമെന്ന ആവശ്യവും പറയുന്നുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.