മുംബൈ: മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിൽ എത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. മണ്ഡലകാലം തുടങ്ങുന്ന വൃശ്ചികം ഒന്നിന് (നവംബർ 17) മല ചവിട്ടാനെത്തുമെന്നാണ് തൃപ്തി അറിയിച്ചിരിക്കുന്നത്. ശബരിമലയിൽ എത്തുന്ന തനിക്ക് സുരക്ഷ നൽകണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും തൃപ്തി കത്തെഴുതിയിട്ടുണ്ട്.

16-ാം തീയതി കോട്ടയത്ത് എത്തും. കോട്ടയത്ത് എത്തുന്ന തനിക്ക് സുരക്ഷ ഒരുക്കണമെന്നും ഭക്ഷണ-താമസ-യാത്രാ ചെലവുകൾ സർക്കാർ വഹിക്കണമെന്നും തൃപ്തി കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 17-ാം തീയതി രാവിലെ ആയിരിക്കും ശബരിമല കയറാനെത്തുക. സാമൂഹിക മാധ്യമങ്ങളിൽ നിരവധി ഭീഷണികൾ വരുന്നുണ്ടെന്നും ശബരിമലയിൽ റിപ്പോർട്ടിങ്ങിന് പോയ വനിത മാധ്യമപ്രവർത്തകർക്ക് പ്രതിഷേധം നേരിടേണ്ടി വന്ന സാഹചര്യത്തിലുമാണ് സുരക്ഷ ആവശ്യപ്പെടുന്നതെന്നാണ് തൃപ്തി കത്തിൽ എഴുതിയിരിക്കുന്നത്.

മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും പുറമേ കേരള ഡിജിപി ലോക്‌നാഥ് ബെഹ്റയ്ക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിക്കും പുണെ ഐജിക്കും ആണ് കത്തയച്ചിട്ടുളളത്. ആറു യുവതികൾക്കൊപ്പമാണ് ശബരിമല കയറാനെത്തുക. ശബരിമലയിൽ കയറാതെ തിരിച്ചുപോകില്ലെന്നു തൃപ്തി കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

സ്ത്രീ പ്രവേശനം വിലക്കിയിരുന്ന ഹാജി അലി ദര്‍ഗ, ത്രൈയംബകേശ്വർ ക്ഷേത്രം, ശനി ശിംഘനാപൂർ ക്ഷേത്രം എന്നിവിടങ്ങളിൽ സ്ത്രീകളോടൊപ്പം തൃപ്തി ദേശായി പ്രവേശിച്ചിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ