വാഷിങ്ടൺ: രാജ്യത്തെ ട്രഷറി സ്തംഭനം ഒഴിവാക്കാൻ താൻ മുന്നോട്ട് വച്ച വാഗ്ദാനങ്ങൾ അകാരണമായാണ് ഡെമോക്രാറ്റുകൾ നിരസിച്ചതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. താൻ സംസാരിക്കുന്നതിനു മുന്നേ തന്നെ ഡെമോക്രാറ്റുകൾ വാഗ്ദാനങ്ങൾ തള്ളി. ഇത് തീർത്തും തെറ്റായ നടപടിയാണെന്ന് ട്രംപ് പറഞ്ഞു. ഡെമോക്രാറ്റുകൾക്ക് അവർ ഒരിക്കലും ജയിക്കില്ലാത്ത 2020ലെ തിരഞ്ഞെടുപ്പിനേക്കുറിച്ച് മാത്രമാണ് ചിന്തയെന്നും ട്രംപ് ട്വിറ്ററിൽ കുറിച്ചു.
‘നിർദ്ദേശങ്ങൾ അവതരിപ്പിക്കാൻ എഴുന്നേൽക്കുന്നതിന് മുമ്പ് തന്നെ ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസിയും ഡെമോക്രാറ്റുകളും അവ തള്ളിക്കളഞ്ഞു. രാജ്യത്ത് കുറ്റകൃത്യങ്ങളും മയക്കുമരുന്ന് ഉപയോഗവും വർധിച്ചു വരുന്നത് പ്രതിപക്ഷം കാണുന്നില്ല. അവരുടെ മുന്നിൽ 2020ലെ തിരഞ്ഞെടുപ്പ് മാത്രമേയുള്ളൂ. അതിൽ അവർ വിജയിക്കാൻ പോകുന്നില്ല” – എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്.
അതേസമയം, രേഖകളില്ലാതെ രാജ്യത്തേക്കെത്തിയ അഭയാർഥികൾക്കെല്ലാം മാപ്പ് നൽകുന്നു എന്നല്ല തന്റെ വാക്കുകളുടെ അർഥമെന്നും ട്രംപ് ഓർമിപ്പിച്ചു. മൂന്ന് വർഷത്തേക്ക് സംരക്ഷണം നീട്ടി നൽകാമെന്നു മാത്രമാണ് അറിയിച്ചത്- ട്രംപ് പറഞ്ഞു. തന്റെ വാഗ്ദാനങ്ങളെ പാടെ നിരസിച്ച ഡെമോക്രാറ്റിക് നേതാവ് നാൻസി പെലോസിയോട് കരുതിയിരുന്നോളൂവെന്ന മുന്നറിയിപ്പും ട്രംപ് നൽകിയിട്ടുണ്ട്.
യു.എസ്-മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില് നിർമ്മിക്കുന്നതിനു പകരം കുടിയേറ്റക്കാർക്ക് ചില ഇളവുകൾ നൽകാമെന്നായിരുന്നു ട്രംപിന്റെ വാഗ്ദാനം. ഡ്രീമേഴ്സ് എന്നറിയപ്പെടുന്ന വളരെ ചെറുപ്പത്തിലേ മതിയായ രേഖകളില്ലാതെ യുഎസിലെത്തിയ കുടിയേറ്റക്കാരെ മൂന്നു വർഷംകൂടി യുഎസിൽ താമസിക്കാൻ അനുവദിക്കാമെന്നും പകരം മെക്സിക്കൻ അതിർത്തിയിൽ മതിൽ പണിയാൻ ഫണ്ട് അനുവദിക്കണമെന്നുമായിരുന്നു ട്രംപിന്റെ ആവശ്യം.