മുംബൈ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സന്ദർശനം ഇന്ത്യയിലെ പാവപ്പെട്ടവരുടെയും മധ്യവർഗത്തിന്റെയും ജീവിതത്തിൽ ഒരു മാറ്റവും വരുത്തില്ലെന്ന് ശിവസേന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബിസിനസിനെക്കുറിച്ച് ചർച്ച ചെയ്യാനാണ് താൻ പോകുന്നതെന്ന് ട്രംപ് ഇന്ത്യയിൽ വരുന്നതിനു മുൻപു വ്യക്തമാക്കിയിട്ടുണ്ട്. യുഎസ് വ്യാപാരം ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹത്തിന്റെ ഇന്ത്യാ സന്ദർശനമെന്ന് ഇതിൽനിന്നും വ്യക്തമെന്നും സേനയുടെ മുഖപത്രമായ സാംമ്‌നയുടെ എഡിറ്റോറിയലിൽ പറയുന്നു.

ട്രംപിന്റെ സന്ദർശനത്തെക്കുറിച്ച് ആകാംക്ഷയുണ്ടെങ്കിൽ അത് അഹമ്മദാബാദിൽ മാത്രമായിരിക്കും. കാരണം അവിടെയാണ് അദ്ദേഹം ആദ്യം എത്തുന്നത്. 36 മണിക്കൂർ നീണ്ടുനിൽക്കുന്ന സന്ദർശനം കഴിഞ്ഞ് ട്രംപ് തിരികെ മടങ്ങുമ്പോൾ അദ്ദേഹം ഇന്ത്യൻ മണ്ണിൽ വന്നുപോയതിന്റെ ഒരു അടയാളം പോലും ഉണ്ടാവില്ലെന്നും ശിവനസേന പറയുന്നു.

Donald Trump India Visit LIVE Updates: ‘നമസ്തേ ട്രംപി’നൊരുങ്ങി മൊട്ടേര സ്റ്റേഡിയം

മോദി സർക്കാർ നടപ്പാക്കിയ പൗരത്വ നിയമങ്ങളെക്കുറിച്ച് ട്രംപ്-മോദി ചർച്ചയിൽ സംസാര വിഷയമാകുമെന്ന റിപ്പോർട്ടുകളുണ്ട്. ഇത് ഇന്ത്യയുടെ ആഭ്യന്തര പ്രശ്നങ്ങളാണ്. ജനാധിപത്യത്തിലൂടെ ജനങ്ങൾ തിരഞ്ഞെടുത്തവരാണ് ഈ രാജ്യത്തെ ഭരിക്കുന്നത്. അവർക്ക് പുറത്തുനിന്നുള്ളൊരാളുടെ മാർഗനിർദേശം വേണ്ടെന്നും സേന പറയുന്നു.

മുപ്പത്തിയാറ് മണിക്കൂർ നീണ്ടു നിൽക്കുന്ന ഇന്ത്യാ സന്ദർശനത്തിനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് 11.40 ഓടെയാണ് അഹമ്മദാബാദിലെ വിമാനത്താവളത്തിൽ എത്തിയത്. ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി സ്വീകരിച്ചു. ട്രംപിന്റെ ഇന്ത്യൻ സന്ദർശനത്തോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് രാജ്യത്ത് ഒരുക്കിയിരിക്കുന്നത്. 17,000 ഗുജറാത്ത് പൊലീസ് ഉദ്യോഗസ്ഥർ, ഇന്ത്യൻ പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കുന്ന എസ്പിജി, അമേരിക്കൻ പ്രസിഡന്റിന്റെ സുരക്ഷാവിഭാഗമായ സീക്രട്ട് സർവീസ് തുടങ്ങി കനത്ത സുരക്ഷാ വലയത്തിലാണ് അഹമ്മദാബാദ് നഗരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook