വാഷിങ്ടൺ: പലസ്‌തീൻ-ഇസ്രയേൽ പ്രശ്‌നത്തിൽ ഇരുരാജ്യങ്ങളും ഒന്നിച്ചുളള പ്രശ്‌നപരിഹാരത്തിനായി അമേരിക്ക ഇനി ഇടപെടില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവുമായി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തവേയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ദ്വിരാഷ്‌ട്രമോ ഏകരാഷ്‌ട്രമോ എന്നതല്ല, പ്രശ്‌ന പരിഹാരമാണ് വേണ്ടതെന്ന് ട്രംപ് നയം വ്യക്തമാക്കി.
പലസ്‌തീനും ഇസ്രയേലും തമ്മിലുളള പ്രശ്‌നങ്ങൾ ഇരു രാജ്യങ്ങളും പൂർണമായി അവസാനിപ്പിക്കണമെന്നും പ്രശ്‌ന പരിഹാരത്തിനായി അമേരിക്ക ഇനി ഇടപെടില്ലെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം, പലസ്‌തീൻ ജനത അവകാശപ്പെടുന്ന സ്ഥലത്ത് ജൂത വാസകേന്ദ്രങ്ങൾ നിർമിക്കുന്നത് ഇസ്രയേൽ നിർത്തിവയ്‌ക്കണമെന്ന് ബഞ്ചമിൻ നെതന്യാഹുവിനോട് ട്രംപ് ആവശ്യപ്പെടുകയും ചെയ്തു.
ഇസ്രയേലുമായുളള ബന്ധം അമേരിക്ക ദൃഢമായി നിലനിർത്തുമെന്നും സൈനിക-ഇന്റലിജൻസ്-സുരക്ഷാ സഹകരണ മേഖലയിൽ ശക്‌തമായി തുടരേണ്ടതുണ്ടെന്നും ട്രംപ് പറഞ്ഞു. ഒബാമ ഭരണകൂടവുമായി നല്ല ബന്ധമില്ലാതിരുന്ന ഇസ്രയേലുമായി സുഹൃദ്‌ബന്ധം സ്ഥാപിക്കുകയാണ് ട്രംപിന്റെ ലക്ഷ്യം.
ടെൽ അവീവിലുളള അമേരിക്കൻ എംബസി ജറുസലേമിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ആലേചിക്കുകയാണെന്നും പ്രശ്‌നങ്ങൾ വ്യക്തമായി പഠിച്ച ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും ട്രംപ് വ്യക്തമാക്കി. മധ്യപൂർവ്വ ദേശത്തെ സുരക്ഷാ പ്രശ്‌നങ്ങളും ഇരു നേതാക്കളും ചർച്ച ചെയ്‌തു.