വാഷിങ്ടൺ: കോവിഡ് കേസുകളുടെ എണ്ണം അനുദിനം വർധിക്കുന്ന സാഹചര്യത്തിൽ പരിശോധന കുറയ്ക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നിലവിൽ രാജ്യത്ത് രണ്ടരക്കോടിയോളം ആളുകളിൽ പരിശോധന നടത്തിയിട്ടുണ്ടെന്നും, ഇത് മറ്റുള്ള രാജ്യങ്ങളിലേതിനെക്കാൾ ഒരുപാട് കൂടുതലാണെന്നും ട്രംപ് പറഞ്ഞു. തുള്‍സ അറീനയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.

“നിങ്ങള്‍ കൂടുതല്‍ പരിശോധന നടത്തുമ്പോള്‍ കൂടുതല്‍ പേരില്‍ രോഗം കണ്ടെത്താനാകും. അത് കൊണ്ട് എന്റെ ആളുകളോട് പരിശോധന മന്ദഗതിയിലാക്കാന്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്,” ട്രംപ് പറഞ്ഞു.

പരിശോധന മന്ദഗതിയിലാക്കണമെന്ന് ട്രംപ് തമാശയായി പറഞ്ഞതാണെന്ന് വൈറ്റ്ഹൌസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

“അദ്ദേഹം തമാശ പറഞ്ഞതാണ്. ഇതിനോടകം ഞങ്ങൾ രണ്ടരക്കോടിയിൽ അധികം പരിശോധനകൾ നടത്തി. മറ്റേത് രാജ്യത്തെക്കാളും പരിശോധനയുടെ കാര്യത്തിൽ ഞങ്ങൾ മുന്നിലാണ്,” ഉദ്യോഗസ്ഥർ പറഞ്ഞു.

Read More: ലോകത്ത് കോവിഡ് രോഗികള്‍ 89 ലക്ഷം പിന്നിട്ടു; മരണം 4.66 ലക്ഷം കടന്നു

ചൈനയിൽ നിന്നും യൂറോപ്പിൽ നിന്നുമുള്ള യാത്രക്കാരെ തടയുന്നതിനുള്ള തന്റെ നടപടികൾ “ലക്ഷക്കണക്കിന് ജീവൻ രക്ഷിക്കാൻ” സഹായിച്ചതായി ട്രംപ് പറഞ്ഞു.

എന്നാൽ, നിരവധി യുഎസ് സംസ്ഥാനങ്ങൾ കൊറോണ വൈറസ് ബാധയുടെ തോത് വർദ്ധിപ്പിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. പ്രധാനമായും തെക്ക്, പടിഞ്ഞാറ് ഭാഗങ്ങളിൽ. ഈ സാഹചര്യത്തിലാണ് ട്രംപിന്റെ റാലി.

ചൈനയെ പരോക്ഷമായി വിമര്‍ശിച്ച ട്രംപ്, കോവിഡിനെ കുങ് ഫ്‌ളു എന്നും വിശേഷിപ്പിച്ചു.

“കൊറോണ വൈറസിനെ എനിക്ക് കുങ് ഫ്‌ളു എന്ന് വിളിക്കാം. എനിക്ക് 19 വ്യത്യസ്ത പേരുകള്‍ നല്‍കാന്‍ കഴിയും. നിരവധി ആളുകള്‍ ഇതിനെ വൈറസ് എന്നുവിളിക്കുന്നു. കുറച്ചാളുകള്‍ ഫ്‌ളു എന്നും വിളിക്കുന്നു. എന്താണ് വ്യത്യാസം,” ട്രംപ് ചോദിച്ചു.

കോവിഡ് കൂടുതല്‍ നാശം വിതച്ച അമേരിക്കയില്‍ രോഗബാധിതര്‍ 23 ലക്ഷം കടന്നു. 1,21,979 പേരുടെ ജീവന്‍ ഇതിനോടകം നഷ്ടമായി. കോവിഡ് മരണത്തില്‍ രണ്ടാമതുള്ള ബ്രസീലില്‍ മരണസംഖ്യ അരലക്ഷം കടന്നു. 10.70 ലക്ഷം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. റഷ്യയില്‍ മരണം 8000 കടന്നു. രോഗികളുടെ എണ്ണം ആറ് ലക്ഷത്തിലേക്ക് അടുക്കുന്നു.

ആഗോളതലത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,70,000ലേക്ക് അടുക്കുന്നു. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 4,66,718 ആണ്. 89,14,787 പേര്‍ക്കാണ് ലോക വ്യാപകമായി കോവിഡ് ബാധിച്ചിട്ടുള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook