വാഷിങ്ടൺ: ഇസ്രേയേലിന്റെ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിച്ച അമേരിക്കൻ നിലപാടിനെതിരെ അറബ് രാഷ്ട്രങ്ങളുടെ ആവശ്യപ്രകാരം ഐക്യരാഷ്ട്ര സഭ ഇന്ന് യോഗം ചേരും. അതേസമയം ലോകരാഷ്ട്രങ്ങൾ ഒന്നടങ്കം വിഷയത്തിൽ അമേരിക്കൻ നിലപാടിനെ തള്ളിയതോടെ ഭീഷണിയുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി.

ഇന്ന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയുടെ പ്രമേയത്തിൽ ഒപ്പുവയ്ക്കുന്ന രാജ്യങ്ങളുടെ പേര് അമേരിക്ക ഓർത്തുവയ്ക്കുമെന്ന അമേരിക്കൻ അംബാസഡർ നിക്കി ഹാലെയുടെ പ്രസ്താവനയെ അംഗീകരിച്ചാണ് ട്രംപും രംഗത്ത് വന്നത്.

“ഞങ്ങളുടെ പണം വാങ്ങി, ഞങ്ങൾക്കെതിരെ വോട്ട് ചെയ്യാനൊരുങ്ങുന്ന എല്ലാ രാജ്യങ്ങൾക്കും. ലക്ഷക്കണക്കിന്, കോടിക്കണക്കിന് യുഎസ് ഡോളർ അമേരിക്കയോട് വാങ്ങിയ ശേഷം ഞങ്ങൾക്കെതിരെ വോട്ട് ചെയ്യാനാണ് അവരുടെ ശ്രമം” ട്രംപ് ഭീഷണി സ്വരത്തിൽ പറഞ്ഞു. “ഞങ്ങൾ നോക്കിക്കൊണ്ടിരിക്കുകയാണ്. അവർ വോട്ട് ചെയ്യട്ടെ. അതിന് ശേഷം കാണാം”, ട്രംപ് കൂട്ടിച്ചേർത്തു. നിക്കി ഹാലെയെ ഒപ്പമിരുത്തിയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.

193 അംഗരാഷ്ട്രങ്ങളിലെ പ്രതിനിധികൾക്കും ഈ വിഷയത്തിൽ അമേരിക്കൻ അംബാസഡർ നിക്കി ഹാലെ കത്തയച്ചിരുന്നു. ഈ സാഹചര്യത്തിൽ അമേരിക്കയുടെ നിലപാടിനോട് ലോകരാഷ്ട്രങ്ങൾ എങ്ങിനെ പ്രതികരിക്കുമെന്നാണ് കാണേണ്ടത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ