വാഷിങ്ടൺ: ഇറാഖിനെ ഒഴിവാക്കി ആറു രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസാ നിരോധനം ഏർപെടുത്തിയ പുതിയ ബില്ലിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചതായി റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. സിറിയ, ഇറാന്‍, ലിബിയ, സോമാലിയ, സുഡാന്‍, യമന്‍ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് രാജ്യത്ത് വിലക്കേർപെടുത്തിയത്.

ഐ.എസിനെതിരായ പോരാട്ടത്തിൽ മുഖ്യപങ്കു വഹിക്കുന്ന ഇറാഖിനെ വിസാ നിരോധന പട്ടികയിൽ ഉൾപ്പെടുത്തിയത് പുനഃപരിശോധിക്കണമെന്ന് വൈറ്റ് ഹൗസിനോട് പ്രതിരോധ വിഭാഗം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പെന്റഗണിൻറെയും സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറിന്റേയും സമ്മര്‍ദ്ധം കാരണമാണ് ഇറാഖിനെ പട്ടികയ്ക്ക് പുറത്ത് നിര്‍ത്തിയതെന്നാണ് വിവരം.

ജനുവരി 27ന് ട്രംപ് ഒപ്പുവച്ച ഉത്തരവില്‍ ഇറാഖ് ഉള്‍പ്പെട്ടിരുന്നുവെങ്കിലും ഭീകരവാദത്തിനെതിരെ ഇറാഖ് സ്വീകരിക്കുന്ന നടപടികള്‍ കണക്കിലെടുത്ത് വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ഇറാഖിനെ നീക്കാമെന്നതാണ് അമേരിക്കയുടെ തീരുമാനം. അമേരിക്കയുടെ നിലപാട് വ്യക്തമായതോടെ ഐഎസ് ഭീകരര്‍ക്കെതിരെയുള്ള നടപടികളുടെ ഭാഗമായി ഇറാഖ് വിസാ സ്‌ക്രീനിംഗ്, ഡാറ്റ ഷെയറിംഗ്, എന്നിവയും ശക്തമാക്കിയിരുന്നു.

മാര്‍ച്ച് 16 മുതലാകും പുതിയ നിരോധന നിയമം പ്രാബല്യത്തില്‍ വരികയെന്ന് വൈറ്റ്‍ഹൗസ് വക്താവ് സാറ സാന്‍ഡേഴ്സ് വ്യക്തമാക്കി. ഒമ്പത് ഡസനിലധികം ഹര്‍ജികളാണ് ട്രംപിന്റെ വിസാവിലക്കിനെ ചോദ്യം ചെയ്ത് അമേരിക്കയിലെ വിവിധ കോടതികളില്‍ ഇതിനകം സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. ഭരണഘടനാപരമായ സുരക്ഷിതത്വം ലംഘിക്കപ്പെട്ടിട്ടുണ്ടെന്ന് കാണിച്ച് വാഷിംഗ്ടണ്‍ സ്റ്റേറ്റും കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ വിസാവിലക്ക് തടഞ്ഞുവച്ച ഫെറഡല്‍ കോടതിയെയും ജഡ്ജിമാരെയും വിമര്‍ശിച്ച് ട്രംപ് നേരത്തെ രംഗത്തെത്തുകയും ചെയ്തിരുന്നു.

സിറിയ, ലിബിയ, സുഡാന്‍, ഇറാന്‍, സൊമാലിയ, യെമന്‍ ഉള്‍പ്പെടെ ആറ് മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് ഏര്‍പ്പെടുത്തിയ 120 ദിവസത്തെ താല്‍ക്കാലിക വിസാ വിലക്കിന് പുതിയ ഉത്തരവിലും മാറ്റമുണ്ടാകില്ലെന്നും വൈറ്റ്ഹൗസ് വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ