വാഷിങ്ടണ്‍: ലൈംഗികാരോപണത്തില്‍ വിവാദ പ്രസ്താവനയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തനിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണത്തില്‍ മറുപടി പറയുമ്പോള്‍ ആണ് ട്രംപ് വിവാദ പ്രസ്താവന നടത്തിയത്. 1990 ല്‍ ട്രംപ് തന്നെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചു എന്ന കോളമിസ്റ്റ് ജീന്‍ കരോളിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘ദി ഹില്‍’ എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് പ്രസ്താവന നടത്തിയത്.
Read Also: ‘ട്രംപ്, നിങ്ങളനെിക്ക് അഭിമുഖം തരണം’; മോദിയേയും അക്ഷയ് കുമാറിനേയും ട്രോളി സിദ്ധാര്‍ത്ഥ്
ന്യൂയോര്‍ക്ക് ഡിപ്പാര്‍ടുമെന്റ് സ്റ്റോറില്‍ വച്ച് ട്രംപ് തന്നെ കയറി പിടിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു ജീന്‍ കരോളിന്റെ ആരോപണം. എന്നാല്‍, ഹില്ലിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് ആരോപണങ്ങളെ നിഷേധിച്ചു. ജീന്‍ പറയുന്നത് പച്ചക്കള്ളമെന്നാണ് ട്രംപ് ആദ്യമേ പറഞ്ഞത്. “ഇങ്ങനെ നടന്നിട്ടില്ല എന്ന് പറയാന്‍ ഒന്നാമത്തെ കാരണം അവള്‍ (ജീന്‍ കരോള്‍) എനിക്ക് താല്‍പര്യമുള്ള ടൈപ്പല്ല. രണ്ടാമത്തെ കാര്യം ഇങ്ങനെയൊരു സംഭവം നടന്നിട്ടു പോലുമില്ല” – ട്രംപ് പറഞ്ഞു. 20 വര്‍ഷം മുന്‍പ് നടന്ന സംഭവത്തെ കുറിച്ച് 75 കാരിയായ ജീന്‍ കരോള്‍ ന്യൂയോര്‍ക്ക് മാസിക പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിലാണ് തുറന്നെഴുതിയത്.
ഡൊണാൾഡ് ട്രംപിനെതിരെ ആരോപണവുമായി രംഗത്തെത്തുന്ന 16-ാമത്തെ സ്ത്രീയാണ് ജീൻ കരോൾ. ‘വൈ ഡു വി നീഡ് മെന്‍ ഫോർ’ എന്ന പുസ്തകത്തിലാണ് കരോളിന്റെ ആരോപണം. അതേസമയം, താൻ അയാളുടെ ടൈപ്പല്ലെന്ന പരാമർശം തന്നെ സന്തോഷിപ്പിക്കുന്നതാണെന്ന് ജീൻ പ്രതികരിച്ചു.
Read Also: ‘ട്രംപ് രാജിവച്ചു’; അമേരിക്കയെ ഞെട്ടിച്ച് ‘വാഷിങ്ടണ്‍ പോസ്റ്റി’ന്റെ വാര്‍ത്ത
സംഭവം നടക്കുമ്പോൾ റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായിരുന്നു ട്രംപ്. എഴുത്തുകാരിയും ടെലിവിഷൻ അവതാരകയുമായിരുന്ന താന്‍ ഭയംമൂലം സംഭവം പൊലീസിൽ അറിയിക്കുകയോ, പുറത്തുപറയുകയോ ചെയ്തിരുന്നില്ലെന്നും ജീൻ കരോൾ ആരോപിച്ചു. ട്രംപ് ഡ്രസിങ് റൂമില്‍ വച്ച് ലൈംഗികമായി അധിക്ഷേപിക്കുകയും തടയാന്‍ ശ്രമിച്ചപ്പോൾ ബലപ്രയോഗത്തിലൂടെ കീഴ്പെടുത്തിയെന്നുമായിരുന്നു കരോളിന്റെ പരാതി.