വാഷിങ്ടൺ: നാല് വര്‍ഷം മുമ്പ് ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ പോയ ഷമീമ ബീഗത്തിന്റെ പൗരത്വം റദ്ദ് ചെയ്യുമെന്ന് ബ്രിട്ടന് അറിയിച്ചു. സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പതനത്തോടെ കുഞ്ഞിനേയും കൊണ്ട് സ്വന്തം രാജ്യത്തേക്ക് തിരികെ വരാന്‍ തയാറായ ഷമീമ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഷമീമയുടെ കുടുംബത്തെ ബ്രിട്ടീഷ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച് അറിയിച്ചിട്ടുണ്ട്.
ഇപ്പോള്‍ സിറിയയിലെ അഭയാര്‍ത്ഥി കേന്ദ്രത്തിലാണ് ഷമീമയും കുഞ്ഞും താമസിക്കുന്നത്. യുവതിക്ക് പൗരത്വം നഷ്ടപ്പെട്ടാലും കുഞ്ഞിന് നിഷേധിക്കരുതെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തര സെക്രട്ടറി ബ്രിട്ടീഷ് പാര്‍ലമെന്റിനെ അറിയിച്ചിരുന്നു.
അതേസമയം, അമേരിക്കയില്‍ നിന്നും ഐഎസിൽ ചേരാൻ സിറിയയിലേക്കുപോയ യുവതിയെ തിരികെ രാജ്യത്ത് പ്രവേശിപ്പിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ട്വിറ്ററിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. യുവതിയെ രാജ്യത്ത് പ്രവേശിപ്പിക്കേണ്ടതില്ലെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോക്ക് ട്രംപ് നിർദേശം നൽകി.
അലബാമ സ്വദേശിയായ ഇരുപത്തിനാലുകാരി ഹുഡ മുത്താനയ്ക്കു യുഎസ് പൗരത്വമില്ലെന്നും അതിനാൽ രാജ്യത്ത് അനുവദിക്കില്ലെന്നും പോംപിയോ പിന്നീട് അറിയിച്ചു. അലബാമയിൽ ജനിച്ചുവളർന്ന മുത്താന ഇരുപതാം വയസിലാണ് സിറയയിലേക്കു പോയത്. തുർക്കിയിലെ സർവകലാശാലയിൽ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നെന്ന് വീട്ടിൽ അറിയിച്ചാണ് മുത്താന സിറിയക്ക് വണ്ടികയറിയത്.
ട്രംപ് ഭരണകൂടത്തിന്റെ നടപടി നിയമവിരുദ്ധമാണെന്ന് മുത്താനയുടെ കുടുംബത്തിന്റെ അഭിഭാഷകൻ പറഞ്ഞു. അമേരിക്കൻ പൗരൻമാരുടെ പൗരത്വം ഇല്ലാതാക്കാൻ സർക്കാർ ശ്രമിക്കുകയാണ്. മുത്താന യുഎസ് പൗരയാണ്. അവർക്ക് നിയമസാധുതയുള്ള യുഎസ് പാസ്പോർട്ട് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook