കുവൈത്ത് സിറ്റി: കുവൈത്ത് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സൈന്‍ ഗ്രൂപ്പ് പുറത്തിറക്കിയ 2018ലെ റമദാന് സന്ദേശ വീഡിയോ വൈറലായി മാറി. ഒരു പലസ്തീന് ബാലന് ലോക നേതാക്കളെ നോമ്പ് തുറയ്ക്ക് ക്ഷണിക്കുന്നതാണ് റമദാന് തുടങ്ങിയ അന്ന് രാത്രി പുറത്തിറക്കിയ വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍, ജർമനിയുടെ ആംഗല മെര്‍ക്കൽ, റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന് എന്നിവരെയൊക്കെ 3.5 മിനിറ്റ് ദൈര്‍ഘ്യമുളള വീഡിയോയില്‍ അവതരിപ്പിക്കുന്നുണ്ട്. മൂന്ന് ദിവസം കൊണ്ട് 28 ലക്ഷത്തോളം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്.
മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ കലാപം, അഭയാര്‍ത്ഥി പ്രശ്നം, ജെറുസലേം തങ്ങളുടെ വിശുദ്ധ പ്രദേശമാണെന്ന് പലസ്തീന് വാദിക്കുമ്പോള്‍ പ്രദേശത്തെ ഇസ്രയേലിന്റെ തലസ്ഥാനമായി കണക്കാക്കിയ അമേരിക്കയുടെ വിവാദ തീരുമാനം എന്നിവ പലസ്തീന് ബാലനിലൂടെ ലോക നേതാക്കളുടെ മുന്നിലേക്ക് വീഡിയോയില്‍ പറിച്ചു നടുന്നു.
തുടക്കത്തില്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ അടുത്തെത്തുന്ന ബാലന് നോമ്പ് തുറയ്ക്കാനായി ട്രംപിന്റെ അപരനെ ക്ഷണിക്കുകയാണ്. പിന്നീട് ഡെബ്രിസിലെ വീട്ടില്‍ അത്താഴമേശയ്ക്ക് ചുറ്റുമിരിക്കുന്ന കാല് നഷ്ടമായ ഒരാളേയും റഷ്യന്‍ പ്രസിഡന്റ് പുടിനായി വേഷമിട്ടയാളേയും കാണാം. 2003ല്‍ ഇറാഖ് അധിനിവേശം തൊട്ട് മധ്യേഷ്യയില്‍ യുദ്ധത്തിലാണ് അമേരിക്ക. 2015ല്‍ സിറിയയില്‍ റഷ്യയും ആക്രമണങ്ങള്‍ തുടങ്ങി.
തന്റെ രാജ്യമായ പലസ്തീന് നേരിടുന്ന നിലനിൽപ്പ് ഭീഷണിയും ജനങ്ങൾ അനുഭവിക്കുന്ന കഷ്ടപ്പാടുകളും ലോകനേതാക്കൾക്ക് മുൻപിൽ വിവരിക്കുന്നതു പോലെയാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഹെബ മെഷാരിയുടെതാണ് വരികൾ. സമീർ അബൂദ് ആണ് ഈ മ്യൂസിക് വീഡിയോ സംവിധാനം ചെയ്തത്.