വാഷിങ്ടൺ: യുഎസ് തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നതായുള്ള ഡോണൾഡ് ട്രംപിന്റെ ആരോപണം നിഷേധിച്ച സുരക്ഷ ഉദ്യോഗസ്ഥനെ പുറത്താക്കി. ജോ ബൈഡന് ലഭിച്ച വോട്ടിൽ വൻതോതിൽ അഴിമതി നടന്നിട്ടുണ്ടെന്ന പ്രസിഡന്റിന്റെ തെളിവുകൾ നിരാകരിച്ച സർക്കാരിന്റെ ഉന്നത തിരഞ്ഞെടുപ്പ് സുരക്ഷാ ഉദ്യോഗസ്ഥനെയാണ് ട്രംപ് പുറത്താക്കിയത്.

“നവംബര്‍ മൂന്നിന് നടന്ന തിരഞ്ഞെടുപ്പ് അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും സുരക്ഷിതമായ ഒന്നാണെന്ന്” സംയുക്തമായി പ്രഖ്യാപിച്ച ഏജൻസിയെ നയിക്കുന്ന ക്രിസ് ക്രെബ്സിനെ പുറത്താക്കുന്നതായി ട്വിറ്ററിലൂടെയാണ് ട്രംപ് പ്രഖ്യാപിച്ചത്. ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് വിജയം ട്രംപ് ഇതുവരെ അംഗീകരിച്ചിട്ടില്ല. വോട്ടിങ്ങില്‍ നടന്ന ക്രമക്കേടാണ്‌ തന്റെ പരാജയത്തിന് കാരണമെന്ന് ട്രംപ് ആവര്‍ത്തിക്കുകയും ചെയ്തു.

“2020 ലെ തെരഞ്ഞെടുപ്പിന്റെ സുരക്ഷയെക്കുറിച്ച് ക്രിസ് ക്രെബ്സ് അടുത്തിടെ നടത്തിയ പ്രസ്താവന കൃത്യതയില്ലാത്തതായിരുന്നു, അതിൽ വൻ അപാകതകളും ക്രമക്കേടുകളും ഉണ്ടായിരുന്നു,” ട്രംപ് ട്വീറ്റിൽ എഴുതി.

“ക്രെബ്‌സിന്റെ ആരോപണം വസ്തതയ്ക്ക് നിരക്കുന്നതല്ല അതിനാല്‍ സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സെക്യൂരിറ്റി ഏജന്‍സി ഡയറക്ടര്‍ ക്രിസ് ക്രെബ്‌സിനെ ജോലിയില്‍ നിന്ന് പിരിച്ചു വിടുന്നു,” ട്രംപ് ട്വീറ്റ് ചെയ്തു.

Read More: പരാജയത്തിന് പിറകെ ട്രംപ് നേരിടാനിരിക്കുന്നത് വലിയ തിരിച്ചടികൾ

തിരഞ്ഞെടുപ്പ് ക്രമക്കേട് സംബന്ധിച്ചുള്ള ട്രംപിന്റെ ആരോപണം സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഉന്നതഉദ്യോഗസ്ഥരടങ്ങിയ അന്വേഷണസംഘം കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തിങ്കളാഴ്ച മറ്റ് 59 തിരഞ്ഞെടുപ്പ് സുരക്ഷാ ഉദ്യോഗസ്ഥരും ട്രംപിന്റെ വാദത്തില്‍ കഴമ്പില്ലെന്ന് അഭിപ്രായപ്പെട്ടിരുന്നു. സാങ്കേതികപരമായ പിഴവുകളൊന്നും വോട്ടിങ്ങിലോ വോട്ടെണ്ണലിലോ നടന്നിട്ടില്ലെന്നാണ് ഉന്നതഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്.

ജനുവരി 20 വരെയാണ് ട്രംപിന്റെ കാലാവധി. തന്റെ പരാജയം സമ്മതിക്കാനും സ്ഥാനമൊഴിയാനും ട്രംപ് വിസമ്മതം പ്രകടിപ്പിച്ചിരുന്നു. പ്രസിഡന്റ് സ്ഥാനമൊഴിയുന്നതോടെ ട്രംപ് നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. പ്രസിഡമന്റിന്റെ കുടുംബ ബിസിനസ്സും അതിന്റെ പ്രവർത്തനങ്ങളും നികുതിയുമായി ബന്ധപ്പെട്ട് അന്വേഷണം ട്രംപം നേരിടേണ്ടി വരും. ഇത് നിലവിൽ മൻഹാട്ടൻ ഡിസ്രിക് ജൂറിയുടെ മുന്നിൽ പെൻഡിങ്ങിൽ തുടരുകയാണ്. പ്രസിഡന്റ് എന്ന നിലയിലുള്ള സംരക്ഷണം അവസാനിക്കുന്തോടെ ട്രംപിനെതിരായ നപടികൾ കോടതിക്ക് ആരംഭിക്കാനാവും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook