വാഷിങ്ടൺ: അമേരിക്കന്‍ രഹസ്യാന്വേഷണ ഏജൻസിയായ എഫ്.ബി.ഐയുടെ മേധാവി ജെയിംസ് കോമിയെ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പുറത്താക്കി. ട്രംപിന്‍റെ റഷ്യൻ ബന്ധത്തെ കുറിച്ചുള്ള അന്വേഷണം നടത്തുന്നതിനിടെയാണ് കോമിയെ പുറത്താക്കിയത്. രഹസ്യന്വേഷണ ഏജൻസിയെ നയിക്കാൻ ജെയിംസ് കോമി പ്രാപ്തനല്ലെന്നാണ് വൈറ്റ് ഹൗസ് പ്രസ്താവനയില്‍ അറിയിച്ചത്.

ഹില്ലറി ക്ലിന്‍റനുമായി ബന്ധപ്പെട്ടുള്ള ഇ മെയില്‍ വിവാദം അന്വേഷിക്കുന്നതില്‍ കോമി പരാജയപ്പെട്ടെന്നാണ് ട്രംപിന്‍റെ വിലയിരുത്തല്‍. ഇതുമൂലം എഫ്ബിഐയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടമായെന്നും വൈറ്റ്ഹൗസ് വ്യക്തമാക്കുന്നു. ഹില്ലരി സ്വകാര്യ ഇമെയില്‍ ഉപയോഗിച്ച സംഭവവുമായി ബന്ധപ്പെട്ട് പൊതു പ്രസ്താവനകള്‍ നടത്തുക വഴി കോമി നീതി വകുപ്പിന്‍റെ നടപടി ക്രമങ്ങള്‍ ലംഘിച്ചു എന്നാണ് കണ്ടെത്തല്‍.

എന്നാല്‍ റഷ്യന്‍ ബന്ധത്തില്‍ ട്രംപിനെതിരായ അന്വേഷണത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിലയിരുത്തല്‍. റഷ്യ-ട്രംപ് ബന്ധത്തെ കുറിച്ചുള്ള രേഖകള്‍ മുൻ പ്രസിഡന്‍റ് ബറാക് ഒബാമക്ക് ഇന്‍റലിജന്‍സ് വൃത്തങ്ങള്‍ നേരത്തെ കൈമാറിയിരുന്നു. ഈ രഹസ്യരേഖകൾ ഉപയോഗിച്ച് ട്രംപിനെ റഷ്യ ബ്ലാക് മെയില്‍ ചെയ്യാന്‍ വരെ സാധ്യതയുണ്ടെന്നും ഇന്‍റലിജന്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. മോസ്കോ സന്ദര്‍ശനത്തിനിടെ ട്രംപ് സമീപിച്ച ലൈംഗികത്തൊഴിലാളികളുമായി ബന്ധപ്പെട്ട വിവരങ്ങളും റഷ്യയുടെ പക്കലുള്ളതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ട്രംപിന് വേണ്ടി ഡെമോക്രാറ്റിക് സ്ഥാനാർഥി ഹിലരി ക്ലിന്‍റനെ പരാജയപ്പെടുത്താന്‍ റഷ്യ ഇടപെടല്‍ നടത്തിയതായും വിവരങ്ങള്‍ പുറത്തുവന്നു​. തുടര്‍ന്നാണ് കോമിയുടെ നേതൃത്ത്വത്തില്‍ അന്വേഷണം നടന്നത്. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കോമിയെ പുറത്താക്കിയ ട്രംപിന്റെ ഇടപെടല്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ