യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത് മന്ദഗതിയിൽ. വോട്ടെടുപ്പ് പൂർത്തിയായ ശേഷം വോട്ടെണ്ണൽ ആരംഭിച്ചിട്ട് ഇന്നേക്ക് മൂന്ന് ദിവസമായി. എന്നാൽ, തിരഞ്ഞെടുപ്പ് ഫലത്തിലെ ഉദ്വേഗം ഇപ്പോഴും തുടരുന്നു. ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡന്‍ ഏറെക്കുറെ വിജയം ഉറപ്പിച്ചുകഴിഞ്ഞു. നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയുമായ ഡൊണാൾഡ് ട്രംപ് തോൽവിയിലേക്ക് നീങ്ങുകയാണ്. ട്രംപ് ക്യാംപിൽ ആശങ്ക പുകയുന്നു. ഫലം വരാനുള്ള സംസ്ഥാനങ്ങളിൽ നേരിയ മുൻതൂക്കം ജോ ബൈഡനാണ്. 2016 ലെ തിരഞ്ഞെടുപ്പിൽ ട്രംപിനൊപ്പം നിന്ന സംസ്ഥാനങ്ങളാണ് ഇപ്പോൾ ബൈഡനോട് മമത കാണിച്ചിരിക്കുന്നത്.

Read Also: സൗദി: വിദേശ തൊഴിലാളികൾക്ക് അസാധാരണ സാഹചര്യത്തിൽ തൊഴിൽ മാറുന്നതിന് പുതിയ മാർഗനിർദേശങ്ങൾ

ജോർജിയയിലും പെൻസിൽവാനിയയിലും ബൈഡന്‍ ലീഡ് നേടി കഴിഞ്ഞു. ഈ രണ്ട് സംസ്ഥാനങ്ങളിലും ട്രംപിന് വലിയ മുൻതൂക്കം പ്രവചിക്കപ്പെട്ടിരുന്നു. മാത്രമല്ല വോട്ടെണ്ണൽ തുടങ്ങിയ സമയത്ത് ട്രംപ് ലീഡ് ചെയ്‌തിരുന്ന സംസ്ഥാനങ്ങളായിരുന്നു ഇതെല്ലാം.

പ്രസിഡന്റ് പദവിയിലേക്ക് എത്താൻ 270 ഇലക്‌ട്രൽ വോട്ടുകളാണ് വേണ്ടത്. ഏറ്റവും ഒടുവിൽ റിപ്പോർട്ട് അനുസരിച്ച് ബൈഡന്‍ 264 ഇലക്‌ട്രേൽ വോട്ടുകൾ സ്വന്തമാക്കിയിട്ടുണ്ട്. ട്രംപിനാകട്ടെ ഇതുവരെ നേടാൻ സാധിച്ചത് 214 ഇലക്‌ട്രൽ വോട്ടുകൾ മാത്രം.

ഫലം അറിയാനുള്ള നാല് പ്രധാനപ്പെട്ട സംസ്ഥാനങ്ങളിൽ ട്രംപ് ലീഡ് ചെയ്യുന്നത് നോർത്ത് കരോളിനയിൽ മാത്രമാണ്. ഇവിടെ 77,000 വോട്ടുകൾക്കാണ് ട്രംപ് ലീഡ് ചെയ്യുന്നത്. ഫലം അറിയാനിരിക്കുന്ന പെൻസിൽവാനിയ, കരോളിന, ജോർജിയ, നെവാദ തുടങ്ങിയ സംസ്ഥാനങ്ങളിൽ ചുരുങ്ങിയത് മൂന്ന് സ്ഥലത്തെങ്കിലും ട്രംപിന് ജയിക്കാൻ സാധിച്ചാൽ മാത്രമേ വീണ്ടും പ്രസിഡന്റായി തുടരാൻ സാധിക്കൂ. അതേസമയം, ബൈഡന് ഈ നാല് സംസ്ഥാനങ്ങളിൽ ഒരിടത്ത് മാത്രം വിജയിക്കാൻ സാധിച്ചാൽ അമേരിക്കയുടെ 46-ാം പ്രസിഡന്റ് പദവിയിലേക്ക് എത്താൻ സാധിക്കും. നിലവിൽ ഈ സംസ്ഥാനങ്ങളിൽ മൂന്നിടത്തും മുന്നേറുന്നത് ബൈഡനാണ്.

തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നിട്ടുണ്ടെന്ന ആരോപണത്തിൽ ട്രംപ് ഉറച്ചുനിൽക്കുന്നു. നിയമപരമായ വോട്ടുകൾ മാത്രം എണ്ണിയാൽ താൻ വളരെ ഈസിയായി ജയിക്കുമെന്നാണ് ട്രംപ് പറയുന്നത്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം നടന്നിട്ടുണ്ടെന്നും നിയമപരമല്ലാത്ത വോട്ടുകളാണ് ബൈഡന് ലഭിച്ചിരിക്കുന്നതെന്നും ട്രംപ് ആരോപിക്കുന്നു.

അതേസമയം, താൻ വിജയിച്ചതായി പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് ബൈഡന്‍. സംഘർഷ സാധ്യത കണക്കിലെടുത്ത് ബൈഡന്റെ വസതിക്ക് മുൻപിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. യുഎസിൽ പലയിടത്തായി ട്രംപ് അനുകൂലികളുടെ പ്രതിഷേധം നടക്കുന്നുണ്ട്.

President Donald Trump walks away after speaking at the White House, Thursday, Nov. 5, 2020, in Washington. (AP Photo/Evan Vucci)

ട്രംപ് വെെറ്റ് ഹൗസിൽ വാർത്താസമ്മേളനം നടത്തുന്ന ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. നവംബർ അഞ്ചിന് മാധ്യമങ്ങളെ കാണുന്നതിനിടെ പകർത്തിയ ചിത്രത്തിൽ ‘EXIT’ എന്ന ബോർഡ് കാണാം. ട്രംപിന് പുറത്തേക്കുള്ള വഴി തെളിഞ്ഞെന്നാണ് ഈ ചിത്രം പങ്കുവച്ച് നിരവധി പേർ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook