ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിലേക്കു നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിൽ ബിജെപി നേടിയ മികച്ച വിജയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു. ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും മണിപ്പൂരിലും ഗോവയിലും ബിജെപി അധികാരത്തിൽ വന്ന സാഹചര്യത്തിലാണ് ട്രംപ് മോദിയെ വിളിച്ചഭിനന്ദിച്ചത്.

ഇക്കാര്യം അമേരിക്കൻ പ്രിസഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിൽ നിന്നുള്ള പത്രക്കുറിപ്പിലാണ് വ്യക്തമാക്കിയത്. ടെലിഫോൺ സംഭാഷണത്തിൽ ഇരു നേതാക്കളും മറ്റെന്തെങ്കിലും വിഷയം സംസാരിച്ചിരുന്നുവോയെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സിയാൻ സ്പൈസർ മറുപടി നൽകിയില്ല.

അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മോദി സർക്കാരിന്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണ് ബിജെപി മുന്നോട്ട് പോയത്. അഞ്ചിൽ നാലിടത്തും സർക്കാർ രൂപീകരിച്ച ബിജെപി ഈ നേട്ടം മോദി സർക്കാരിന്റെ നേട്ടമായി വ്യാഖ്യാനിച്ചിരുന്നു.

ഇരു നേതാക്കളും തമ്മിൽ നേരത്തേയും സംഭാഷണം നടത്തിയിട്ടുണ്ട്. ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ഹിലരി ക്ലിന്റന് എതിരായ അപ്രതീക്ഷിത തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷമായിരുന്നു ആദ്യത്തെ സംഭാഷണം. തിരഞ്ഞെടുപ്പ് വിജയം പുറത്തുവന്ന് മണിക്കൂറുകൾക്കകം തന്നെ നരേന്ദ്ര മോദി ട്രംപിനെ വിളിച്ചിരുന്നു.

അമേരിക്കൻ പ്രസസിഡന്റായി ചുമതലയേറ്റ് നാലാം നാളിൽ ട്രംപ് ഇന്ത്യൻ പ്രധാനമന്ത്രിയെ തിരിച്ച് വിളിച്ചു. പ്രതിരോധം, വ്യവസായം, തീവ്രവാദം എന്നീ വിഷയങ്ങളിൽ ഒരുമിച്ച് മുന്നോട്ട് പോകാനായിരുന്നു അന്ന് ഇരുവരും പറഞ്ഞിരുന്നത്. ലോകം നേരിടുന്ന വെല്ലുവിളികളെ എതിരിടുന്നതിൽ നല്ല സുഹൃത്തായാണ് ഇന്ത്യയെ നോക്കിക്കാണുന്നതെന്ന് വൈറ്റ് ഹൗസ് പ്രതിനിധി വ്യക്തമാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ