വാഷിംഗ്ടണ്‍: സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസാദിനെ വധിക്കാൻ ഉത്തരവിട്ടുവെന്ന ഗുരുതര ആരോപണത്തിനു മറുപടിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇത്തരത്തിൽ ഒരു ആശയം പ്രതിരോധ വകുപ്പുമായി ഒരിക്കലും ചർച്ച ചെയ്തിട്ടില്ലെന്ന് ട്രംപ് പറഞ്ഞു. വാട്ടർഗേറ്റ് വിവാദവാർത്ത പുറത്തുകൊണ്ടുവന്ന അമേരിക്കൻ മാധ്യമപ്രവർത്തകൻ ബോബ് വുഡ്വാർഡിന്റെ ‘ഫിയർ, ട്രംപ് ഇൻ ദി വൈറ്റ് ഹൗസ്’ എന്ന പുസ്തകത്തിലാണ് ഒട്ടേറെ വെളിപ്പെടുത്തലുകളുള്ളത്.
പ്രതിരോധ സെക്രട്ടറി ജിം മാറ്റിസും ജോണ്‍ കെല്ലിയും തങ്ങൾ പറഞ്ഞുവെന്നു പുസ്തകം അവകാശപ്പെടുന്ന കാര്യങ്ങൾ നിഷേധിച്ചു. സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസാദിനെ വധിക്കാൻ ട്രംപ് ഉത്തരവിട്ടുവെന്ന ഗുരുതര ആരോപണം ഉൾക്കൊള്ളുന്ന പുസ്തകം ഈ മാസം 11നാണ് വിപണിയിലെത്തുന്നത്. പുസ്തകത്തിലെ ഏതാനും ഭാഗങ്ങൾ വാഷിംഗ്ടണ്‍ പോസ്റ്റ് പ്രസിദ്ധീകരിച്ചു. അസദിനെ വധിക്കാനുള്ള പദ്ധതി തയാറാക്കാൻ പെന്റഗണിന് ട്രംപ് നിർദേശം നല്‍കിയെന്നാണ് ആരോപണം. “അവനെ നമുക്കു തീര്‍ക്കാം’ എന്ന് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസിനോടാണ് ട്രംപ് പറഞ്ഞതെന്നാണ് പുസ്തകത്തില്‍ വ്യക്തമാക്കുന്നത്. 2017 ഏപ്രില്‍ മാസം അസദ് സിറിയയില്‍ രാസാക്രമണം നടത്തിയതിന് പിന്നാലെയാണ് ട്രംപ് ഇത്തരത്തില്‍ പറഞ്ഞതെന്നാണ് വെളിപ്പെടുത്തല്‍.
വൈറ്റ്ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ജോണ്‍ കെല്ലി, ട്രംപിനെ വിഡ്ഢി എന്നു വിളിച്ചതായും പുസ്തകത്തിൽ പറയുന്നുണ്ട്. ട്രംപിന് അഞ്ചാം ക്ലാസുകാരന്റെ ബുദ്ധിയേയുള്ളൂവെന്ന് ജിം മാറ്റിസും പറഞ്ഞിട്ടുണ്ട്. ഒപ്പിടാതിരിക്കാൻ അതിപ്രധാന രേഖകൾ ട്രംപിന്റെ മേശയിൽനിന്ന് വൈറ്റ്ഹൗസ് ജീവനക്കാർ മാറ്റിവയ്ക്കാറുള്ള കാര്യവും പുസ്തകം വെളിപ്പെടുത്തുന്നു. അതേസമയം ഏറ്റവും വിശ്വാസ്യതയുള്ള മാധ്യമപ്രവർത്തകരിലൊരാളാണ് പുസ്തകം രചിച്ച വുഡ്വാർഡ്സ്. മുൻ പ്രസിഡന്റ് റിച്ചാർഡ് നിക്സന്റെ ഇംപീച്ച്മെൻറിനു വഴിവച്ച റിപ്പോർട്ട് തയാറാക്കിയവരിലൊരാൾ വുഡ്വാർഡ് ആണ്. ബറാക് ഒബാമ, ജോർജ് ഡബ്ല്യു. ബുഷ് തുടങ്ങിയ പ്രസിഡന്റുമാരെക്കുറിച്ചും അദ്ദേഹം പുസ്തകം എഴുതിയിട്ടുണ്ട്.