സിംഗപ്പൂര്‍ സിറ്റി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തര കൊറിയൻ ഭരണത്തലവൻ കിം ജോങ് ഉന്നും തമ്മിൽ നടന്ന ചരിത്രപരമായ കൂടിക്കാഴ്‌ച അവസാനിച്ചു. നാലര മണിക്കൂറിലേറെയാണ് കൂടിക്കാഴ്‌ചയും ചർച്ചയും നീണ്ടുനിന്നത്. നിർണായക വിഷയങ്ങൾ ചർച്ച ചെയ്‌തു. ചർച്ചകൾക്കൊടുവിൽ ഇരുനേതാക്കളും സമാധാന ഉടമ്പടിയിൽ ഒപ്പുവച്ചു.

കൂടിക്കാഴ്‌ച വിജയകരമെന്ന് ട്രംപും ഉന്നും പ്രതികരിച്ചു. കൊറിയയുമായുളള ബന്ധം വ്യത്യസ്‌തമായിരിക്കുമെന്ന് ട്രംപ് പറഞ്ഞു. ഉന്നിനെ വൈറ്റ് ഹൗസിലേക്ക് ട്രംപ് ക്ഷണിച്ചു. ഭൂതകാലം മറക്കുമെന്നും നിർണായക മാറ്റത്തിന് ലോകം സാക്ഷ്യം വഹിക്കുമെന്നായിരുന്നു ഉന്നിന്റെ പ്രതികരണം.

സിംഗപ്പൂരിലെ സെന്റോസ ദ്വീപിലുള്ള കാപെല്ല ഹോട്ടലിലാണ് ചരിത്ര പ്രധാനമായ കൂടിക്കാഴ്‌ച നടന്നത്. കൂടിക്കാഴ്‌ചയ്‌ക്ക് എത്തിയ ഇരു നേതാക്കളും രണ്ടു തവണ ഹസ്‌തദാനം ചെയ്‌തു. ചര്‍ച്ചയ്‌ക്ക് ശേഷം പുറത്തേക്ക് വന്ന ഇരുവരും ചിരിച്ചു കൊണ്ടാണ് കടന്നു വന്നത്.

ട്രംപിനൊപ്പം സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍, വൈറ്റ്ഹൗസ് സ്റ്റാഫ് മേധാവി ജോണ്‍ കെല്ലി, പ്രസ് സെക്രട്ടറി സാറ സാന്‍ഡേഴ്‌സ് എന്നിവരും കിമ്മിനൊപ്പം ഉത്തര കൊറിയന്‍ വിദേശകാര്യ മന്ത്രി റി യോംഗ് ഹോ, വിശ്വസ്‌തനും മുന്‍ ചാരത്തലവനുമായ കിം യോ ചോങ് എന്നിവരും സിംഗപ്പൂരിലെത്തിയിരുന്നു.

പ്രത്യക്ഷവും പരോക്ഷവുമായുമെല്ലാം പരസ്‌പരം ആക്രമിക്കുകയും അധിക്ഷേപിക്കുകയുമൊക്കെ ചെയ്‌തതിന് ഒടുവിലാണ് കിമ്മും ട്രംപും തമ്മിലുള്ള കൂടിക്കാഴ്‌ച നടന്നത്. പലപ്പോഴും യുദ്ധ സമാനമായ സാഹചര്യങ്ങള്‍ ഉണ്ടായി. ഇതുവരെ ഫോണില്‍ പോലും പരസ്‌പരം സംസാരിച്ചിട്ടില്ലാത്ത നേതാക്കള്‍ ചരിത്രത്തിലാദ്യമായി നേരില്‍ കാണുമ്പോള്‍ പ്രതീക്ഷയോടെയും ആശങ്കയോടെയുമാണ് ലോകം അതിനെ ഉറ്റുനോക്കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ