വാഷിങ്‌ടൺ: ലോകാരോഗ്യസംഘടനയ്‌ക്ക് അമേരിക്ക നൽകിയിരുന്ന ധനസഹായം നിർത്തി. കോവിഡുമായി ബന്ധപ്പെട്ട് സംഘടനയ്‌ക്കെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിമര്‍ശനവുമായി രംഗത്തെത്തി. ചെെനയിൽ രോഗവ്യാപനം ഉണ്ടായപ്പോൾ തന്നെ സംഘടന ഇടപെട്ടില്ലെന്ന് ട്രംപ് കുറ്റപ്പെടുത്തി.

കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങൾ ലോകാരോഗ്യസംഘടന മറച്ചുവച്ചതായി ട്രംപ് ആരോപിച്ചു. ലോകാരോഗ്യസംഘടനയ്‌ക്ക് നൽകിയിരുന്ന ധനസഹായം താൽക്കാലികമായി നിര്‍ത്തുകയാണെന്നും അമേരിക്ക അറിയിച്ചു.

“രോഗം പടരാൻ തുടങ്ങിയപ്പോള്‍ തന്നെ വെെറസ് വ്യാപനം തടയാൻ ലോകാരോഗ്യസംഘടന യാതൊന്നും ചെയ്‌തില്ല. പ്രാഥമിക നടപടികൾ സ്വീകരിക്കാൻ പോലും സംഘടനയ്‌ക്ക് സാധിച്ചില്ല. പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിൽ സംഘടന പരാജയപ്പെട്ടു. രോഗം വലിയതോതില്‍ വ്യാപിച്ചതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ സംഘടനയ്ക്കാവില്ല. ചൈനയെ സംരക്ഷിക്കുന്ന നിലപാടാണ് തുടക്കം മുതല്‍ ലോകാരോഗ്യസംഘടന സ്വീകരിച്ചത്.” ട്രംപ് പറഞ്ഞു. മൂവായിരത്തിലേറെ കോടിരൂപയാണ് അമേരിക്ക 2019-ല്‍ ലോകാരോഗ്യസംഘടനയ്ക്ക് നല്‍കിയത്.

Read Also: ഗുജറാത്തിൽ കോൺഗ്രസ് എംഎൽഎയ്‌ക്ക് കോവിഡ്; രോഗബാധിതൻ മുഖ്യമന്ത്രിയുമായി സമ്പർക്കം പുലർത്തി

എന്നാൽ ലോകാരോഗ്യസംഘടനയ്‌ക്കുള്ള സഹായം നിർത്തിവച്ച അമേരിക്കയുടെ നടപടിയെ ഐക്യരാഷ്‌ട്രസഭ അപലപിച്ചു. ധനസഹായം നിർത്തേണ്ട സമയമല്ല ഇതെന്ന് യുഎൻ പറഞ്ഞു. “രാജ്യാന്തരസമൂഹം മഹാമാരിയെ നേരിടാൻ ഒന്നിച്ചുനിൽക്കണം. പ്രത്യാഘാതങ്ങൾ തടയണം,” ഐക്യരാഷ്‌ട്രസഭ ജനറൽ അന്റോണിയോ ഗുട്ടറെസ് പറഞ്ഞു.

അമേരിക്കയിലാണ് ഇപ്പോൾ കോവിഡ്-19 ഏറ്റവും കൂടുതൽ നാശം വിതയ്ക്കുന്നത്. അമേരിക്കയിൽ മാത്രം 25,000 പേർ കോവിഡ് ബാധിച്ച് മരിച്ചു. ന്യൂയോർക്കിലാണ് ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ ഉള്ളത്. അതേസമയം, ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,25,000 കടന്നു. അതിവേഗമാണ് മരണസംഖ്യ ഉയരുന്നത്.

ഇന്ത്യയിലാകട്ടെ കോവിഡ്-19 നെ പ്രതിരോധിക്കാൻ രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകുമ്പോഴും വെെറസ് ബാധിതരുടെ എണ്ണം അതിവേഗം വർധിക്കുന്നത് ആശങ്ക സൃഷ്‌ടിക്കുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രാജ്യത്ത് 3,000 ത്തിലേറെ പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏപ്രിൽ 12, 13, 14 ദിവസങ്ങളിലായി രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 3,286 പേരിലാണ്. രാജ്യത്ത് ആകെ സ്ഥിരീകരിച്ച പോസിറ്റീവ് കേസുകളുടെ 30 ശതമാനവും കഴിഞ്ഞ മൂന്ന് ദിവസത്തിനിടെയാണ്.

Read Also: Horoscope Today April 15, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ഇന്നലെ മാത്രം രാജ്യത്ത് സ്ഥിരീകരിച്ചത് 1463 പോസിറ്റീവ് കേസുകളാണ്. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഏപ്രിൽ 12 നു 918 പോസിറ്റീവ് കേസുകൾ ഉണ്ടായിരുന്നു. ഏപ്രിൽ 13 ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത് 905 പേരിലാണ്. ഇന്നലെ മാത്രം കോവിഡ് ബാധിച്ച് 29 പേർ മരിച്ചു. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 10,815 ആയി. രോഗം ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 353 ആയി.

മഹാരാഷ്ട്രയിലാണ് കോവിഡ്-19 ഏറ്റവും നാശം വിതച്ചിരിക്കുന്നത്. 2337 കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുംബെെയിലാണ് ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകൾ. ഡൽഹിയിൽ 1510 പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചു. തമിഴ്‌നാട്ടിൽ 1173 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഇന്നലെ മാത്രം 20,000 ത്തിലേറെ സാംപിളുകൾ പരിശോധിച്ചു. ഇതുവരെ രാജ്യത്ത് രണ്ടരലക്ഷത്തോളം സാംപിളുകൾ പരിശോധിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

Read in English Here

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook