വാഷിങ്ടൺ: ഭീകരവാദികൾക്ക് പാക്കിസ്ഥാൻ സുരക്ഷിത താവളമാണെന്ന വിലയിരുത്തലുമായി അമേരിക്ക. നിലവിലെ സാഹചര്യത്തിൽ പാക്കിസ്ഥാനെ നിലയ്ക്ക് നിർത്താൻ പുതിയ വഴികൾ തേടാനാണ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം. മേഖലയിൽ ഭീകരരെ അമർച്ച ചെയ്യാൻ ഇതുവരെ ക്ഷമയോടെ സാമ്പത്തിക സഹായം നൽകിയ മുൻ സർക്കാരുകളുടെ വഴിയല്ല വേണ്ടതെന്ന നിലപാടിലാണ് ട്രംപ്.

9/11 ആക്രമണത്തിന് ശേഷം അമേരിക്ക പിന്തുടർന്ന നയങ്ങൾ ഫലപ്രദമായി പാക്കിസ്ഥാൻ-അഫ്‌ഗാനിസ്ഥാൻ മേഖലയിൽ നടപ്പാക്കാനായില്ലെന്ന് ട്രംപ് ഭരണകൂടം കുറ്റപ്പെടുത്തുന്നു. “മേഖലയെ അസ്ഥിരപ്പെടുത്തുന്നതാണ് നിലവിലെ സാഹചര്യം. ആഗോള തലത്തിൽ ഭീകരവാദത്തിന് സഹായകരമാകുന്ന നീക്കങ്ങളാണ് ഇവിടുത്തെ സർക്കാരുകൾ നടപ്പിലാക്കുന്നത്”, അമേരിക്കൻ വിദേശകാര്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ കുറ്റപ്പെടുത്തി.

“മുൻ ഭരണകൂടങ്ങൾ തന്ത്രപരമായ ക്ഷമയാണ് പാക് മേഖലയിൽ സ്വീകരിച്ചത്. ഭീകരരെ തുരത്താൻ പാക്കിസ്ഥാന് ആയിരക്കണക്കിന് കോടിയാണ് ഓരോ വർഷവും നൽകി പോന്നത്. പക്ഷെ ഒരു പൈസ പോലും ശരിയായ വിധത്തിൽ ഉപയോഗിക്കപ്പെട്ടില്ല”, അദ്ദേഹം കുറ്റപ്പെടുത്തി.

പാക്കിസ്ഥാനിൽ ഭീകരർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാവുന്ന സാഹചര്യമാണ് ഉള്ളതെന്ന് അമേരിക്ക കുറ്റപ്പെടുത്തി. “നിലവിലെ സാഹചര്യത്തിൽ പാക് മേഖലയിലെ ഭീകരവാദത്തെ അമർച്ച ചെയ്യാൻ പുതിയ വഴികളാണ് തേടേണ്ടത്. അഫ്ഗാനിസ്ഥാനിലെ ഭീകരതയെ അമർച്ച ചെയ്യണമെങ്കിൽ പാക്കിസ്ഥാനെ കൂടി ശക്തിപ്പെടുത്തണം. അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങളിൽ ട്രംപിന് കൃത്യമായ നിലപാടുണ്ട്” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook