ന്യൂയോർക്ക്: എച്ച് വൺ ബി വിസയുള്ളവരുടെ പങ്കാളികളെ അമേരിക്കയിൽ ജോലി ചെയ്യുന്നതിൽ നിന്നും വിലക്കാൻ ട്രംപ് ഭരണകൂടം ഒരുങ്ങുന്നു. പുതിയ നീക്കം അമേരിക്കയിൽ ജീവിക്കുന്ന നിരവധി ഇന്ത്യൻ കുടുംബങ്ങളെ പ്രതികൂലമായി ബാധിക്കും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം പുതിയ തീരുമാനം ഏറെ ദോഷകരമാണ്. കാരണം അമേരിക്കയിൽ ജോലി ചെയ്യുന്ന 70 ശതമാനം ഇന്ത്യക്കാർക്കും എച്ച് വൺ ബി വിസയാണുള്ളത്.

2015 വരെ എച്ച് വൺ ബി വിസയുള്ളവരുടെയും, ‘ഹൈ സ്‌കിൽഡ്’ വിഭാഗത്തിൽപെട്ടവരുടെയും പങ്കാളികൾക്കു അമേരിക്കയിൽ തൊഴിലെടുക്കുന്നതിന് അനുമതി നൽകിയിരുന്നു. എച്ച് 4 ആശ്രിത വിസയിലായിരുന്നു ഇവർ ജോലി ചെയ്തിരുന്നത്. ഒബാമ ഭരണകൂടമാണ് ഈ സൗകര്യം ഏർപ്പെടുത്തിയിരുന്നത്. 2016 ൽ എച്ച് 4 വിസയുള്ള 41,000 ത്തിലധികം പേർക്കും, ഈ വർഷം ജൂൺ വരെ 36,000 ത്തിലധികം പേർക്കും ജോലി ചെയ്യാനുളള ഔദ്യോഗിക അനുമതി ഭരണകൂടം നൽകിയിരുന്നു.

ഇന്ത്യക്കാരെയും ചൈനക്കാരെയും പ്രതികൂലമായി ബാധിക്കുന്ന പുതിയ തീരുമാനം അമേരിക്കയുടെ ഡിപ്പാർട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയാണ് കൈക്കൊണ്ടിരിക്കുന്നത്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സ്വദേശിവത്കരണത്തിനായുള്ള ആഹ്വാനത്തെ തുടർന്നാണ് പുതിയ നീക്കമെന്ന് ഡിപ്പാർട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി പുറത്തിറക്കിയ നോട്ടീസിൽ വ്യക്തമാക്കി.

ട്രംപ് ഭരണകൂടത്തിന്റെ പുതിയ തീരുമാനം ദൂരവ്യാപകങ്ങളായ ഫലമുണ്ടാക്കുമെന്നു വിമർശനമുയർന്നിട്ടുണ്ട്. പങ്കാളികൾക്ക് എളുപ്പത്തിൽ ജോലി ലഭിക്കാൻ അവസരമില്ലെങ്കിൽ പലരും മറ്റു സാധ്യതകൾ തേടിപോകും. മാത്രമല്ല കഠിനാദ്ധ്വാനം ചെയ്യുന്ന, മറ്റു രാജ്യങ്ങളിൽ നിന്നുള്ള കച്ചവടക്കാരടക്കമുള്ളവരുടെ ആശ്രിതർ സാമൂഹ്യപരമായി നിഷ്‌ക്രിയമാകുമെന്നും വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook