scorecardresearch

കർഷക സമരം: ട്രൂഡോയുടെ പ്രസ്താവനയ്‌ക്കെതിരെ ഇന്ത്യ; ഹൈകമ്മിഷണറെ വിളിച്ചുവരുത്തി

കാനഡയുമായുള്ള ഉഭയകക്ഷി ബന്ധത്തെ സാരമായി ബാധിക്കുമെന്ന് സ്ഥാനപതിയോട് പറഞ്ഞതായി വിദേശകാര്യമന്ത്രാലയം

കർഷക സമരം: ട്രൂഡോയുടെ പ്രസ്താവനയ്‌ക്കെതിരെ ഇന്ത്യ; ഹൈകമ്മിഷണറെ വിളിച്ചുവരുത്തി

ന്യൂഡൽഹി: സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണ അറിയിച്ച കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ നടപടിയിൽ പ്രതിഷേധിച്ച് ഇന്ത്യ. രാജ്യത്തെ കനേഡിയൻ സ്ഥാനപതിയെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയാണ് പ്രതിഷേധമറിയിച്ചത്. ഇത്തരം നടപടികൾ തുടർന്നാൽ ഉഭയകക്ഷി ബന്ധത്തെ സാരമായി ബാധിക്കുമെന്ന് സ്ഥാനപതിയോട് ഇന്ത്യൻ അധികൃതർ പറഞ്ഞു.

” കനേഡിയൻ ഹൈക്കമ്മിഷണറെ ഇന്ന് വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തുകയും കർഷകരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കാനഡ പ്രധാനമന്ത്രിയും ചില കാബിനറ്റ് മന്ത്രിമാരും പാർലമെന്റ് അംഗങ്ങളും പരാമർശങ്ങൾ നടത്തിയത് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള അസ്വീകാര്യമായ ഇടപെടലാണെന്ന് അറിയിക്കുകയും ചെയ്തു,” വിദേശ കാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇത്തരം നടപടികൾ തുടരുകയാണെങ്കിൽ ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധത്തെ സാരമായി ബാധിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.

Read More: ഇന്ത്യയിൽ നിന്നുള്ള വാർത്തകൾ ആശങ്കപ്പെടുത്തുന്നു; കർഷക സമരത്തിനു ഐക്യദാർഢ്യവുമായി കനേഡിയൻ പ്രധാനമന്ത്രി

“ഈ അഭിപ്രായങ്ങൾ കാനഡയിലെ ഇന്ത്യയുടെ ഹൈകമ്മിഷനും കോൺസുലേറ്റുകൾക്കും മുന്നിൽ തീവ്രവാദ പ്രവർത്തനങ്ങളുടെ കൂടിച്ചേരലുകളെ പ്രോത്സാഹിപ്പിക്കുകയും അത് സുരക്ഷാ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. തീവ്രവാദത്തെ ന്യായീകരിക്കുന്ന പ്രഖ്യാപനങ്ങളിൽനിന്ന് വിട്ടുനിന്ന് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും പൂർണ സുരക്ഷ കനേഡിയൻ സർക്കാർ ഉറപ്പാക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, ” പ്രസ്താവനയിൽ പറയുന്നു.

പ്രതിഷേധിച്ച കർഷകരെ പിന്തുണച്ച് ഈ ആഴ്ച ആദ്യമാണ് ട്രൂഡോ രംഗത്തെത്തിയത്. ഇതിനതിരായ ഇന്ത്യയുടെ പ്രതികരണം രൂക്ഷമായിരുന്നു. ‘ഒരു ജനാധിപത്യ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ അടിസ്ഥാനമാക്കിയുള്ള പരാമർശങ്ങൾ’ എന്നാണ് ട്രൂഡോയുടെ പരാമർശത്തെ ഇന്ത്യ വിശേഷിപ്പിച്ചത്.

“ഇന്ത്യയിലെ കർഷകരുമായി ബന്ധപ്പെട്ട് കനേഡിയൻ നേതാക്കൾ നടത്തിയ ചില മോശം അഭിപ്രായങ്ങൾ ഞങ്ങൾ കണ്ടു. അത്തരം അഭിപ്രായങ്ങൾ അനാവശ്യമാണ്, പ്രത്യേകിച്ചും ഒരു ജനാധിപത്യ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളുമായി ബന്ധപ്പെട്ട്. രാഷ്ട്രീയ ആവശ്യങ്ങൾക്കായി നയതന്ത്ര സംഭാഷണങ്ങൾ തെറ്റായി ചിത്രീകരിക്കാതിരിക്കുക എന്നതും നല്ലതാണ്,” എന്നാണ് ട്രൂഡോയുടെ പേര് പറയാതെ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞത്.

‘പ്രതിഷേധിക്കുന്ന കർഷകരെ പിന്തുണക്കേണ്ട സമയം’ എന്നാണ് ട്രൂഡോ കർഷക സമരവുമായി ബന്ധപ്പെട്ട് അഭിപ്രായം പറഞ്ഞത്. സിഖ് മത സ്ഥാപകൻ ഗുരുനാനാക്കിന്റെ 551-ാം ജന്മവാർഷികാഘോഷത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു പരാമർശം.

Read More: കർഷക പ്രക്ഷോഭം: രണ്ടാം ഘട്ട ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞു

“കർഷകരുടെ പ്രതിഷേധത്തെക്കുറിച്ച് ഇന്ത്യയിൽ നിന്നു വരുന്ന വാർത്തകൾ എങ്ങനെ ശ്രദ്ധിക്കാതിരിക്കും. പ്രതിഷേധിക്കുന്ന കർഷകരെ പിന്തുണക്കേണ്ട സമയമാണിത്. നാമെല്ലാവരും നമ്മുടെ കുടുംബം, സുഹൃത്തുക്കൾ എന്നിവരെക്കുറിച്ച് ആശങ്കാകുലരാണ്. സമാധാനപരമായുള്ള പ്രതിഷേധക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കാനഡ എപ്പോഴും ഉണ്ടായിരിക്കുമെന്ന് ഞാൻ നിങ്ങളെ ഓർമിപ്പിക്കുന്നു. ഇപ്പോൾ നടക്കുന്ന ചർച്ചകളിൽ ഞങ്ങൾക്ക് പ്രതീക്ഷയുണ്ട്. ഒന്നില്‍ കൂടുതല്‍ മാര്‍ഗങ്ങളിലൂടെ കേന്ദ്രത്തോട് ഞങ്ങള്‍ ഞങ്ങളുടെ ആശങ്കകള്‍ പങ്കുവെച്ചിട്ടുണ്ട്. നമ്മളൊരുമിച്ച് നിൽക്കേണ്ട സമയമാണിത്,” ട്രൂഡോ പറഞ്ഞിരുന്നു.

കർഷക പ്രക്ഷോഭത്തെക്കുറിച്ച് ആദ്യമായി സംസാരിക്കുന്ന ഒരു രാജ്യത്തിന്റെ ആദ്യത്തെ തലവൻ ട്രൂഡോ ആണ്. എന്നാൽ യുകെ, ഓസ്‌ട്രേലിയ, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ള ഒരു ഡസൻ പാർലമെന്റ് അംഗങ്ങളും യുഎസിൽ നിന്നുള്ള ഒരു റിപ്പബ്ലിക്കൻ പാർട്ടി പ്രവർത്തകനും കർഷകർക്ക് പിന്തുണ അറിയിച്ചിരുന്നു.

Read More: കാർഷിക നിയമങ്ങൾ പിൻവലിക്കാൻ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണമെന്ന് കർഷകർ

“സമാധാനപരമായുള്ള പ്രതിഷേധക്കാരെ ഇന്ത്യയിൽ ക്രൂരമായി പീഡിപ്പിച്ചതായി റിപ്പോർട്ടുകൾ വളരെ ആശങ്കാജനകമാണ്. എന്റെ മണ്ഡലത്തിലെ പലരുടെയും കുടുംബാംഗങ്ങൾ അവിടെയുണ്ട്, അവർ അവരുടെ പ്രിയപ്പെട്ടവരുടെ സുരക്ഷയെക്കുറിച്ച് ആശങ്കാകുലരാണ്. ആരോഗ്യകരമായ ജനാധിപത്യങ്ങൾ സമാധാനപരമായ പ്രതിഷേധം അനുവദിക്കുന്നു. ഈ മൗലികാവകാശം ഉയർത്തിപ്പിടിക്കാൻ ബന്ധപ്പെട്ടവരോട് ഞാൻ അഭ്യർത്ഥിക്കുന്നു, ”കനേഡിയൻ പ്രതിരോധ മന്ത്രി ഹർജിത് സിങ് ഞ്ജൻ ട്വീറ്റ് ചെയ്തു.

ഇന്ത്യയും കാനഡയും ശക്തമായ ഉഭയകക്ഷി ബന്ധം പുലർത്തുന്നുണ്ടെങ്കിലും കഴിഞ്ഞ കുറച്ച് വർഷങ്ങളായി കനേഡിയൻ രാഷ്ട്രീയ നേതൃത്വം സിഖ് പ്രവാസികളെ ആകർഷിക്കാൻ ശ്രമിക്കുന്നതിനിടയിനിടെ ഉഭയകക്ഷി ബന്ധത്തിൽ ഉയർച്ച താഴ്ചകളുണ്ടായി. കനേഡിയൻ ഭരണകക്ഷി ഖാലിസ്ഥാൻ അനുകൂല സംഘങ്ങളിൽ ചിലതിനെ പിന്തുണയ്ക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്ന്, 2018 ഫെബ്രുവരിയിൽ ട്രൂഡോയുടെ ഇന്ത്യയിലേക്കുള്ള മൾട്ടി-സിറ്റി യാത്രയോട് കേന്ദ്രസർക്കാർ തണുത്ത പ്രതികരണമായിരുന്നു നടത്തിയത്.

കാനഡ, യുകെ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ സിഖ് പ്രവാസികൾ വ്യാപകമായിയുണ്ട്, ചിലർക്ക് ആ രാജ്യങ്ങളിളെ രാഷ്ട്രീയ വ്യവസ്ഥയിൽ ആഴത്തിലുള്ള സ്വാധീനവുമുണ്ട്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Trudeaus farmer remarks india summons canadian envoy says damaging impact bilateral ties