ന്യൂഡൽഹി: കോവിഡ്-19 ന്റെ വ്യാപനം തടയുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 21 ദിവസത്തെ രാജ്യവ്യാപക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് മുന്നോടിയായി, മരുന്നുകൾ, പാൽ, പച്ചക്കറികൾ, പഴവർഗങ്ങൾ എന്നിവ വിവിധ സംസ്ഥാനങ്ങളിലേക്കെത്തിക്കാനായി പോയ ട്രക്കുകളുടേയും ലോറികളുടേയും നീണ്ട നിരകളാണ് അതിർത്തികളിൽ. ചരക്കു ട്രെയിനുകൾ നിയന്ത്രണങ്ങൾ ഒഴിവാക്കപ്പെട്ട വിഭാഗത്തിൽ പെടുമ്പോഴും, റെയിൽവേ അവശ്യ സർവീസ് ആണെന്ന് പരാമർശിക്കാത്തതിനാൽ ഇത് ചരക്ക് സേവനങ്ങളേയും ബാധിച്ചു.

ഇളവുകളെക്കുറിച്ച ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നതിനാൽ, സംസ്ഥാനങ്ങൾക്കുള്ളിൽ പോലും ഗതാഗതത്തെ ബാധിച്ചു. വലിയ ഓൺലൈൻ പലചരക്ക് വ്യാപാരികളായ ഗ്രോഫേഴ്സ്, ബിഗ് ബാസ്കറ്റ് എന്നിവയും അവരുടെ വിതരണ ശൃംഖലയുടെ നിലനിൽപ്പ് ഉറപ്പാക്കുന്നതിൽ വെപ്രാളപ്പെടുന്ന കാഴ്ചയാണ്.

ഫരീദാബാദിലെ തങ്ങളുടെ വെയർഹൗസ്‌ ഉദ്യോഗസ്ഥർ അടച്ചതായി ഗ്രോഫേഴ്‌സ് സിഇഒ അൽബിന്ദർ ദിന്ദ്‌സ ട്വീറ്റ് ചെയ്തു. എന്നാൽ നിയന്ത്രണങ്ങൾ കാരണം തങ്ങളുടെ വെയർഹൗസുകൾ പ്രവർത്തിക്കുന്നില്ലെന്ന് ബിഗ് ബാസ്‌ക്കറ്റ് മൊബൈൽ അപ്ലിക്കേഷനിൽ അറിയിച്ചു. രാജ്യത്തുടനീളമുള്ള തങ്ങളുടെ ലോജിസ്റ്റിക് പങ്കാളികളെ പൊലീസ് തടഞ്ഞതായി ബിഗ് ബാസ്കറ്റിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു. പകർച്ചവ്യാധി സമയത്ത് ഏറ്റവും ആവശ്യമുള്ളവർക്ക് ഉൽപ്പന്നങ്ങൾ എത്തിക്കുന്നതിന് മുൻഗണന നൽകുകയാണെന്ന് ആമസോൺ ഇന്ത്യ ഒരു ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു.

ഹൈദരാബാദ്, ഡൽഹി, മുംബൈ, ലഖ്‌നൗ, ബെംഗളൂരു എന്നിവിടങ്ങളിൽ ഡെലിവറി ഉദ്യോഗസ്ഥരെ മർദ്ദിച്ചതായി ഓൺലൈൻ ഫാർമസി 1 എം‌ജിയുടെ സഹസ്ഥാപകൻ പ്രശാന്ത് ടാൻ‌ഡൺ അറിയിച്ചു. ഇത്തരത്തിൽ 17ഓ 18ഓ സംഭവങ്ങൾ നടന്നതായി അദ്ദേഹം പറയുന്നു. തങ്ങളുടെ ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ടതായി ഫ്രഷ് ടു ഹോമും വ്യക്തമാക്കി. ആവശ്യത്തിലുണ്ടായ അപ്രതീക്ഷിത വർദ്ധനവ് കാരണം ഫ്ലിപ്പ്കാർട്ട് സൂപ്പർമാർട്ടിന്റെ ഡെലിവറി സ്ലോട്ടുകൾ വൈകി. സ്വിഗ്ഗിയിലെ പഴങ്ങളും പച്ചക്കറി വിതരണക്കാരും ചൊവ്വാഴ്ച “സേവനയോഗ്യമല്ല” എന്ന് അറിയിച്ചു.

അവശ്യവസ്തുക്കൾ വിതരണം ചെയ്യുന്നതിൽ തടസ്സമുണ്ടെന്ന് ബീഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി സമ്മതിച്ചു. “ഞങ്ങൾക്ക് പശ്ചിമ ബംഗാളിൽ നിന്ന് അരിയും മധ്യപ്രദേശിലെ കട്നിയിൽ നിന്നും സത്നയിൽ നിന്നും പയറും രാജസ്ഥാനിൽ നിന്ന് കടുകെണ്ണയും ലഭിക്കുന്നു. എന്നാൽ ട്രക്കുകളെല്ലാം അന്തർ സംസ്ഥാന അതിർത്തികളിൽ കുടുങ്ങിക്കിടക്കുകയാണ്, ”അദ്ദേഹം ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു.

Read in English: Trucks stuck, rail staff stopped, online delivery staff assaulted: Essential supplies hit hurdle

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook